റിയാദ്: ആഗോള വെല്ലുവിളികളെ നേരിടുന്നതിന് പുതിയ തന്ത്രങ്ങൾ മെനയാൻ റിയാദ് അന്താരാഷ്ട്ര സമ്മേളനത്തിന് ഒരുങ്ങുന്നു. ഫ്യൂച്ചർ ഇൻവെസ്റ്റ്മെൻറ് ഇനിഷ്യേറ്റീവ് ഫോറത്തിന്റെ (എഫ്.ഐ.ഐ) എട്ടാമത് എഡിഷന് ഒക്ടോബർ 29 മുതൽ 31 വരെ റിയാദ് ആതിഥേയത്വം വഹിക്കും. ‘അനന്തമായ ചക്രവാളങ്ങൾ: ഇന്ന് നിക്ഷേപിക്കുക, നാളയെ രൂപപ്പെടുത്തുക’ എന്നതാണ് ഇത്തവണത്തെ സമ്മേളന പ്രമേയം. ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ തന്ത്രങ്ങൾ വികസിപ്പിക്കുക എന്നത് തന്നെയായിരിക്കും സുപ്രധാന അജണ്ട.
മനുഷ്യരാശിക്ക് സാധ്യമായതിന്റെ അതിരുകൾ ഭേദിച്ച് നിക്ഷേപങ്ങളെ എങ്ങനെ അഭിവൃദ്ധിയിൽ എത്തിക്കാമെന്നും സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാമെന്നുമുള്ള ചർച്ചകളാണ് ത്രിദിന സമ്മേളനത്തിൽ നടക്കുക.
സൗദി അറേബ്യയുടെ മുൻകൈയിൽ വർഷാവർഷം നടക്കുന്ന ഈ ആഗോള നിക്ഷേപക സമ്മേളനത്തിൽ 5000ത്തിലധികം അതിഥികളും 500 പ്രഭാഷകരും പങ്കെടുക്കും. സാമ്പത്തിക സുസ്ഥിരത, ന്യായമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 200ലധികം സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു.
ലക്ഷ്യബോധമുള്ള വർത്തമാനവും വാഗ്ദാനപ്രദമായ ഭാവിയും സൃഷ്ടിക്കുന്നതിനുള്ള എഫ്.ഐ.ഐയുടെ ദൗത്യനിർഹവണത്തിനുള്ള അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും ഈ വർഷത്തെ സമ്മേളനം. കഴിഞ്ഞ വർഷത്തെ ഏഴാം പതിപ്പിൽ 1,900 കോടി ഡോളറിന്റെ കരാറുകളാണ് ഒപ്പുവെച്ചത്. അതിന്റെ വിപുലീകരണമായിരിക്കും ഈ വർഷത്തെ സമ്മേളനം.
‘അനന്തമായ ചക്രവാളം എന്നത് വെറുമൊരു മുദ്രാവാക്യമല്ല. മറിച്ച് നമ്മുടെ കൂട്ടായ കാഴ്ചപ്പാട് വികസിപ്പിക്കാനും നിക്ഷേപത്തിന് പരിധിയില്ലാത്ത ഭാവി സാധ്യതകൾ സ്വീകരിക്കാനുമുള്ള വ്യക്തമായ ക്ഷണമാണെന്നും എല്ലാവർക്കും ഒരു നല്ല നാളെക്കായി പ്രവർത്തിക്കാനുള്ള വേദിയാണെന്നും’ എഫ്.ഐ.ഐ സി.ഇ.ഒയും ഡയറക്ടർ ബോർഡ് മെമ്പറുമായ റിച്ചാർഡ് അത്തിയാസ് റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗോള നേതാക്കൾ, സംരംഭകർ, നയരൂപകർത്താക്കൾ, മാധ്യമങ്ങൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന നൂതന ആശയങ്ങളുടെ ഒരു കേന്ദ്രമായി എഫ്.ഐ.ഐ പ്രവർത്തിക്കുമെന്നും അത്തിയാസ് പറഞ്ഞു.
ധനകാര്യം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, സുസ്ഥിരത, ഊർജം, ജിയോ ഇക്കണോമിക്സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്ധരും നയരൂപീകരണ കർത്താക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളനത്തിൽ ഉടനീളം, എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾ, ക്ഷണിക്കപ്പെട്ട പ്രതിനിധികൾ, തന്ത്രപരമായ പങ്കാളികൾ എന്നിവർക്കായി നിരവധി പരിപാടികൾ നടത്തും. സ്ഥിതിവിവരക്കണക്കുകളിലും വസ്തുതാപരമായ വിവരങ്ങളിലും പ്രായോഗിക തന്ത്രങ്ങളിലും അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്തുന്ന, തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചർച്ചകൾ. 2017ലാണ് ആഗോളതലത്തിൽ നിക്ഷേപകർക്ക് സൗകര്യങ്ങളൊരുക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായി സൗദി അറേബ്യ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.