റിയാദ്: എൻ.കെ. പ്രേമചന്ദ്രൻ എം.പി റിയാദിൽ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ്ഖാനുമായി കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
ഇഖാമ കാലാവധി കഴിഞ്ഞവർക്ക് സ്പോൺസർഷിപ് മാറുന്നതിനും ഫൈനൽ എക്സിറ്റിൽ പോകുന്നതിനുമുള്ള അവസരം നിലവിലുണ്ടെന്നും അതിനായി എംബസിയിൽ രജിസ്റ്റർ ചെയ്തതിനുശേഷം ലേബർ ഓഫിസിൽനിന്ന് എക്സിറ്റ് വിസ അടിച്ചാണ് പോകേണ്ടതെന്നും ഇതു സംബന്ധിച്ച എം.പിയുടെ സംശയങ്ങൾക്ക് മറുപടിയായി അംബാസഡർ പറഞ്ഞു.
ഇഖാമയുടെ കാലാവധി കഴിഞ്ഞ് പിടിക്കപ്പെട്ടാൽ ഡീപോർട്ടേഷൻ (തർഹീൽ) സെന്ററിലേക്ക് മാറ്റുകയും അതുവഴി നാട്ടിലേക്ക് മടക്കി അയക്കപ്പെടുകയും ചെയ്താൽ പിന്നീട് സൗദി അറേബ്യയിലേക്കുള്ള തിരിച്ചുവരവ് പ്രയാസകരമായ സാഹചര്യം നിലവിലുണ്ട്.
ഇഖാമ കാലാവധി കഴിഞ്ഞവരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികൾക്ക് സഹായകരമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് പരിശോധിക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ അംബാസഡറോട് അഭ്യർഥിച്ചു.
കമ്പനിയുടെ അനാസ്ഥമൂലം തന്റേതല്ലാത്ത കാരണത്താൽ ഇഖാമ പുതുക്കാത്തവർ ഡീപോർട്ടേഷൻ സെന്റർ വഴി നാട്ടിലേക്ക് പോകുന്നതുമൂലം അവർക്ക് തിരിച്ച് സൗദിയിലേക്ക് വരാൻ സാധിക്കില്ല. ഇങ്ങനെയുള്ളവരെ അറസ്റ്റ് ചെയ്ത് ഡീപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റാതെ എംബസി വഴിതന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടി ഉണ്ടാകണം.
അത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണമെന്നും ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ഫീസില്ലാതെ നാട്ടിൽ പോകാൻ ലഭിക്കുന്ന അവസരത്തോടൊപ്പം ആശ്രിതരുടെ (ഭാര്യ, മക്കൾ) ലെവികൂടി ഒഴിവാക്കി അവർക്കും നാട്ടിൽ പോകുന്നതിനുള്ള അവസരം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.
ഇന്ത്യൻ എംബസി വ്യത്യസ്ത സംസ്ഥാനങ്ങൾക്കായി നടത്തിയ ‘പ്രവാസി പരിചയ്’ സാംസ്കാരിക വാരാഘോഷത്തിൽ കേരളത്തിെൻറ പങ്കാളിത്തം മികച്ചതായിരുന്നെന്ന് അംബാസഡർ പറഞ്ഞു. ഇന്ത്യ-സൗദി ബന്ധവും ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധങ്ങളും എംബസി ഇന്ത്യൻ സമൂഹത്തിന് നൽകിവരുന്ന സേവനങ്ങളും ക്ഷേമപ്രവർത്തനങ്ങളും അംബാസഡർ വിശദീകരിച്ചു.
എംബസി ഡി.സി.എം അബു മാത്തൻ ജോർജ്, കമ്യൂണിറ്റി വെൽഫെയർ ഓഫിസർ മോയിൻ അക്തർ, സെക്കൻഡ് സെക്രട്ടറി ബി.എസ്. മീന, ഡെത്ത് ഡിവിഷൻ അറ്റാഷെ ജെസ്വിന്ദർ സിങ്, ജയിൽ ആൻഡ് ഹൗസ് മെയ്ഡ് അറ്റാഷെ രാജീവ് സിക്കരി എന്നിവരും സന്നിഹിതരായിരുന്നു.
മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ‘കേരളീയം-2024’ പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. ഗാന്ധിഭവൻ ചെയർമാൻ ഡോ. പുനലൂർ സോമരാജൻ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി, നിസാർ പള്ളിക്കശ്ശേരിൽ, മുഹമ്മദ് സാദിഖ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.