മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിലെ ആരോഗ്യപദ്ധതികൾ വിജയകരമെന്ന് സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ. പൊതുജനാരോഗ്യത്തിന് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളടക്കമുള്ള ഒരു ഭീഷണികളുമുണ്ടായില്ല. അത്തരത്തിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ദൈവാനുഗ്രഹവും സൽമാൻ രാജാവിന്റെ വലിയ പിന്തുണയും കിരീടാവകാശി അമീർ അമീർ മുഹമ്മദ് ബിൻ സൽമാന്റെ തുടർനടപടികളുമാണ് ഹജ്ജ് വിജയകരമാക്കിയത്. ഈ വർഷം തീർഥാടകർ ധാരാളമുള്ളതോടൊപ്പം ഉയർന്ന താപനിലയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉണ്ടായിരുന്നു. മനുഷ്യന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണന നൽകണമെന്ന സൽമാൻ രാജാവിന്റെ നിർദേശമുൾക്കൊണ്ടുള്ള പദ്ധതികളാണ് ആരോഗ്യ രംഗത്ത് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
6,500ലധികം കിടക്കകളുള്ള 189 ആശുപത്രികളും ആരോഗ്യകേന്ദ്രങ്ങളും മൊബൈൽ ക്ലിനിക്കുകളും ആരോഗ്യ സംവിധാനത്തിൽ സജ്ജീകരിച്ചിരുന്നു. മെഡിക്കൽ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, ഹെൽത്ത് വളൻറിയർമാർ ഉൾപ്പടെ 40,000 പേരാണ് ആരോഗ്യ സംവിധാനത്തിൽ പ്രവർത്തിച്ചത്. 370ലധികം ആംബുലൻസുകൾ, ഏഴ് ആംബുലൻസ് വിമാനങ്ങൾ, 12 ലബോറട്ടറികൾ, 60 ട്രക്കുകൾ, കൂടാതെ മൂന്ന് മൊബൈൽ മെഡിക്കൽ വെയർഹൗസുകൾ എന്നിവ പുണ്യസ്ഥലങ്ങളിൽ ഒരുക്കിയിരുന്നു. ആരോഗ്യസേവനങ്ങൾ ലഭിച്ച തീർഥാടകരുടെ എണ്ണം 3,90,000 ആണ്. 1,169ലധികം ഡയാലിസിസുകളും 28ലധികം ഓപൺ ഹാർട്ട് സർജറികളും 720ലധികം കാർഡിയാക് കത്തീറ്ററൈസേഷനുകളും നടത്തിയെന്നും മന്ത്രി വിശദീകരിച്ചു. 5,800ലധികം തീർഥാടകർക്ക് സ്വിഹ വെർച്വൽ ആശുപത്രി വഴി വെർച്വൽ സേവനങ്ങളും നൽകി.
സൂര്യാഘാത കേസുകളുമായി നേരിട്ട് ഇടപെടുകയും അവർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ നൽകുകയും ചെയ്തു. ബോധവത്കരണ ശ്രമങ്ങൾ കേസുകളുടെ എണ്ണം വർധിക്കുന്നത് കുറക്കാൻ സഹായിച്ചു. എല്ലാ സർക്കാർ ഏജൻസികളും തമ്മിലുള്ള സംയോജനവും ഹജ്ജ് സീസണിനായി നേരത്തെയുള്ള തയാറെടുപ്പും പ്രധാന നേട്ടങ്ങൾക്ക് കാരണമായെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.