അൽബാഹയിൽ മൂടൽമഞ്ഞിറങ്ങിയപ്പോൾ

ഇനി കാലാവസ്ഥാ വ്യതിയാനത്തിന്റെ നാളുകൾ

ബുറൈദ: വരും ദിനങ്ങളിൽ സൗദി അറേബ്യ കാലാവസ്‌ഥ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില വർധിക്കുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ മറ്റുചില സ്ഥലങ്ങളിൽ മൂടൽമഞ്ഞും മഴയുമുണ്ടാകും. മദീന, ഖസീം, റിയാദ്, ദമ്മാം എന്നീ പ്രദേശങ്ങളിൽ ചൂട് വർധിക്കുമ്പോൾ താഇഫ്, അസീർ മേഖലകളിൽ മഞ്ഞിനും മഴക്കുമാണ് സാധ്യത.

മഴയുള്ള പ്രദേശത്തെ ജനങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻചരുവിലെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഒഴുക്കിൽ താഴ്‌വരകളിലെ തോടുകൾ മുറിച്ചുകടക്കരുതെന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് (മുറൂർ) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപ്രകാരം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും. കുത്തൊഴുക്കിൽ താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് വൃത്തങ്ങൾ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുകയും തോടുകളുടെ ഒഴുക്കിനിടെ താഴ്‌വരകളും പാറക്കെട്ടുകളും അശ്രദ്ധമായി മുറിച്ചുകടക്കുകയും ചെയ്യുന്നവർക്ക് 5,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ അറിയിച്ചു.

മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾക്കു പുറമെ നജ്‌റാൻ, ജീസാൻ, അസീർ, അൽബാഹ എന്നീ പ്രദേശങ്ങളിൽ കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം പ്രതിദിന അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലിപ്പഴ വർഷവും ഉണ്ടായേക്കും. റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലും പൊടിക്കാറ്റിനോടൊപ്പമുള്ള മഴക്കുമാണ്​ സാധ്യത.

ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥ അത്യന്തം ചൂടായിരിക്കുമെന്നും കാലാവസ്‌ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിനിടയിൽ കോടമഞ്ഞ്​ പുതച്ച തെക്കൻ സൗദിയിലെ അൽബാഹയിലെ കാഴ്​ചകൾ ആസ്വദിക്കാൻ ആളുകളുടെ ഒഴുക്കാണ്​. എന്നാൽ ഈ യാത്രകൾക്കിടയിലും ജാഗ്രത പാലിക്കണമെന്ന്​ സിവിൽ ഡിഫൻസ്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.  

Tags:    
News Summary - Now are the days of climate change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.