റിയാദ്: കാണുന്നയാളുകളോട് സംവദിക്കാൻ കഴിവുള്ള ചിത്രങ്ങൾ എടുക്കുമ്പോഴാണ് ഒരാൾ മികച്ച ഫോട്ടോഗ്രാഫറാകുന്നത്. കൂടെ കലയിലും സാങ്കേതികവിദ്യയിലുമുള്ള സൂക്ഷ്മജ്ഞാനവും കൈയടക്കവും നിർബന്ധം. അത്തരത്തിലുള്ള ഒരു കലാകാരനാണ് തിരുവനന്തപുരം ജില്ലക്കാരനായ നൗഷാദ് കിളിമാനൂർ.
തെൻറ ചുറ്റുപാടുകളെ നിരീക്ഷിക്കാനും കാഴ്ചകളെ അതാവശ്യപ്പെടുന്ന െഫ്രയിമുകളിൽ പകർത്തിയെടുക്കാനുമുള്ള കഴിവ് പ്രകടമാക്കുന്നതാണ് ഇൗ പ്രവാസിയുടെ ഓരോ കാമറാ ക്ലിക്കുകളും. ഫോട്ടോഗ്രഫിയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല നൗഷാദിെൻറ കലയിലെ ഇടപെടൽ. മനോഹരമായ ഒട്ടേറെ പാട്ടുകളുടെയും ആൽബങ്ങളുടേയും ഉടമകൂടിയാണ് അദ്ദേഹം.
കൂടാതെ അഭിനയം, ചിത്രകല, കവിത എന്നീ മേഖലകളിൽ കൂടി കഴിവ് തെളിയിച്ച ഈ സഹൃദയൻ റിയാദിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്. നല്ലൊരു പാട്ടുകാരനും നാടൻ കലാകാരനുമായ ഉപ്പൂപ്പാെൻറ അഭിരുചികൾ പൈതൃകമായി പകർന്നുകിട്ടിയതാവണമെന്ന് പറഞ്ഞ് നൗഷാദ് പാരമ്പര്യത്തിൽ ഉൗറ്റംകൊള്ളുന്നു. റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ സെക്രട്ടറിയായെത്തിയ നൗഷാദിെൻറ പ്രവാസത്തിന് 24 വയസ്സ്. അഞ്ചെട്ടു വർഷത്തെ ഓഫിസ് ജോലിക്ക് ശേഷം കലാപരമായ തെൻറ ഇഷ്ടമേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.
നാട്ടിൽനിന്ന് പഠിച്ച ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ സ്വന്തം കഴിവും പ്രയത്നവുംവെച്ച് വികസിപ്പിക്കുകയായിരുന്നു. ഫോട്ടോ ഷൂട്ട്, മോഡലിങ്, ആൽബം നിർമാണം എന്നിവയിലൂടെ മുന്നേറുകയായിരുന്നു. ബഹുരാഷ്ട്ര കമ്പനികൾ, സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ ഇവൻറുകൾ, വാണിജ്യ ഉൽപന്നങ്ങൾ, സൗദി പൗരന്മാരുടെയും കുടുംബങ്ങളുടെയും പ്രത്യേക പരിപാടികൾ എന്നിവക്ക് വേണ്ടിയെല്ലാം അദ്ദേഹത്തിെൻറ കാമറ മിഴിതുറന്നിട്ടുണ്ട്. മരുഭൂമിയെ പ്രണയിച്ച നൗഷാദ് മണൽക്കാടിെൻറ വ്യത്യസ്ത ഭാവങ്ങൾ, പക്ഷികളുടെയും മൃഗങ്ങളുടെയും അപൂർവചിത്രങ്ങൾ, കൗതുകമുണർത്തുന്ന സ്ഥലങ്ങൾ, മരുഭൂമി അതിെൻറ ചെപ്പിലൊളിപ്പിച്ച അപൂർവതകൾ എല്ലാം ഒപ്പിയെടുത്ത് വൻ ഫോട്ടോശേഖരം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യൽ മീഡിയകളിലും പത്ര മാഗസിനുകളിലും ഇടക്ക് പ്രസിദ്ധീകരിക്കാറുണ്ട്. 'ഷട്ടർ അറേബ്യ' എന്ന പ്രവാസി ഫോേട്ടാഗ്രാഫർമാരുടെ കൂട്ടായ്മക്ക് കീഴിൽ സുഹൃത്തുക്കളുമൊത്ത് ഒരു ഫോേട്ടാ പ്രദർശനവും നടത്തിയിട്ടുണ്ട്. കാഴ്ചകൾ തേടി സൗദിയിൽ മിക്കസ്ഥലങ്ങളിലും സഞ്ചരിക്കുക ശീലമാണ്. ഓണം, ബക്രീദ്, തുടങ്ങിയ സവിശേഷ സന്ദർഭങ്ങളിലുള്ള ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, ടൈറ്റിൽ സോങ്ങുകളടക്കം നിരവധി പാട്ടുകൾ രചിച്ചിട്ടുണ്ട്.
നൂറിലധികം ആൽബങ്ങളിലേക്ക് ഗാനങ്ങൾ തയാറാക്കുകയും പലതിനും ദൃശ്യാവിഷ്കാരം നൽകുകയും ചെയ്തിട്ടുണ്ട്. എഴുതുന്ന വരികൾ കാവ്യാത്മകവും ഭാഷാശുദ്ധിയുള്ളതും ആവണമെന്നും നിഷ്കർഷയുണ്ട്. എന്നാൽ, മാത്രമേ അത് കാലത്തിനൊപ്പം നിലനിൽക്കുകയുള്ളൂ. വളരെ ചെറുപ്പത്തിൽതന്നെ പാട്ടെഴുതാനും ചിത്രം വരക്കാനുമുള്ള കഴിവുകളുണ്ടായിരുന്നു. അതിന് പ്രവാസം കൂടുതൽ തിളക്കമേറ്റുകയായിരുന്നു.
പ്രമുഖ പത്രമാധ്യമങ്ങളിലെല്ലാം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണിക്ക് വേണ്ടി സ്ക്രിപ്റ്റ് രചനയും നിർവഹിച്ചിട്ടുണ്ട്. റിയാദിലെ സാംസ്കാരിക വേദികളിൽ അരങ്ങേറിയ പ്രഫഷനൽ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജയൻ തിരുമന സംവിധാനം ചെയ്ത '1921 ഖിലാഫത്ത്', റിയാദ് കലാഭവെൻറ 'അവർ പറയട്ടെ', സഹ്യകലാവേദിയുടെ 'ശാന്തം' എന്നീ നാടകങ്ങളിൽ അഭിനയിച്ചു. മനോജ് നാരായണൻ സംവിധാനം ചെയ്ത 'മരപ്പാവ'യിലും അഭിനയിച്ചു.
'നുകം' എന്ന നാടകത്തിലെ പളനിയപ്പൻ എന്ന വേഷം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. നാടകങ്ങളുടെ അരങ്ങിലും അണിയറയിലും നൗഷാദിെൻറ സാന്നിധ്യമുണ്ട്. കോവിഡാനന്തരം കലയുടെയും സർഗാത്മകതയുടെയും പുതിയ പുലരികൾ പിറക്കുമെന്ന പ്രതീക്ഷയിലാണ് മറ്റ് കലാകാരന്മാരോടൊപ്പം നൗഷാദും. നേരത്തെ പ്രവാസത്തിൽ ഒപ്പമുണ്ടായിരുന്ന കുടുംബം ഇപ്പോൾ നാട്ടിലാണ്. ഭാര്യ: സജീന നൗഷാദ്. മകൻ നൗഫൽ നൗഷാദ് എട്ടാം ക്ലാസിലും മകൾ നൗഫിദ നൗഷാദ് നാലാം തരത്തിലും പഠിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.