റിയാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടും. രാജ്യം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ രാജ്യം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ മതേതരത്വ ജനത ഒരിക്കലും ഒരു പരീക്ഷണത്തിനും മുതിരില്ലെന്നും രാഷ്ട്രീയം നോക്കാതെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന 'ഇൻഡ്യ' മുന്നണിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റും റിയാദ് യു.ഡി.എഫ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് ഇ.പി ജയരാജൻ ബി.ജെ.പിയുടെ ദേശിയ തലത്തിലുള്ള നേതാവിനെ കണ്ടു എന്ന് സമ്മതിച്ചതിലൂടെ കേരള ജനതക്ക് മനസ്സിലായി കഴിഞ്ഞു.
ബി.ജെ.പിയും മാർക്സിസ്റ്റ് പാർട്ടിയും കേരളത്തിലെ ജനങ്ങളെ ഇത്രയും കാലം വഞ്ചിക്കുകയായിരുന്നു വെന്ന് കേരള ജനത മനസ്സിലാക്കി. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇവരുടെ രഹസ്യ 'ഡീൽ' പുറത്തു വന്നത് വോട്ടിങ്ങിൽ യു.ഡി.എഫിന് അനുകൂലമായ ഒരു സാഹചര്യം സംസംസ്ഥാനത്ത് ഉണ്ടാക്കിയെന്നുള്ളത് ഒരു യാഥാർഥ്യമാണ്. ന്യൂനപക്ഷങ്ങളുടെ വോട്ടുകൾ ഭൂരിപക്ഷവും ഈ പ്രാവശ്യം ഐക്യമുന്നണിക്ക് അനുകൂലമായി വീണിട്ടുണ്ട്. വടകരയിലും തൃശ്ശൂരും വലിയ ഭൂരിപക്ഷത്തിന് മുരളീധരനും ഷാഫിയും വിജയിക്കും.
മുഖ്യമന്ത്രിയുടെ ദൂതനായ ഇ.പി ജയരാജൻ ബി.ജെ.പിയുടെ പ്രമുഖനെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ചർച്ച നടത്തിയത് പിണറായി വിജയന്റെ അറിവോടെയാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. എന്നാൽ ഇ.പിയുടെ ഈ നീക്കത്തിൽ നിരാശരായ അണികൾ ഈ പ്രാവശ്യം വോട്ടു ചെയ്യാൻ എത്താത്തതാണ് പലയിടത്തും പോളിംഗ് കുറയാൻ കാരണമെന്ന് അബ്ദുല്ല വല്ലാഞ്ചിറ വാർത്ത കുറിപ്പിയിൽ അറിയിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിന്റെ സീറ്റ് കുറക്കുക എന്നുള്ളത് ബി.ജെ.പിയുടെ അന്തിമ ലക്ഷ്യമാണ്, അത് പോലെ പാർട്ടി ചിഹ്നം നില നിർത്തുക എന്നുളളത് സി.പി.എമ്മിന്റെയും. ഈ ഒരു ഗൂഡാലോചനയാണ് സി.പി.എമ്മും ബി.ജെ.പി നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിലൂടെ പുറത്തു വന്നതെന്നും അബ്ദുല്ല വല്ലാഞ്ചിറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.