വിനോദങ്ങളുടെയും വിശിഷ്ടഭോജ്യങ്ങളുടെയും ഉത്സവകാലമൊരുക്കി 'ഔട്ട്ലെറ്റ്-2022'

റിയാദ്: നിത്യോപയോഗ സാധനങ്ങളുടെ വലിയ തോതിലുള്ള വിലക്കുറവിനൊപ്പം റിയാദ് നിവാസികൾക്ക് വിനോദങ്ങളുടെയും വിശിഷ്ടഭോജ്യങ്ങളുടെയും ഉത്സവകാലമൊരുക്കി 'ഔട്ട്ലെറ്റ്-2022' ശ്രദ്ധ നേടുന്നു. സൗദി ജനറൽ എന്റർടെയിൻമെന്റ്‌ അതോറിറ്റി കിങ് ഖാലിദ് റോഡിലെ റിഹാബിൽ ഒരുക്കിയ ഷോപ്പിങ് ഫെസ്റ്റിവൽ ഒരാഴ്ച പിന്നിടുമ്പോൾ തദ്ദേശീയരടക്കം നിരവധി കുടുംബങ്ങളാണ് സന്ദർശിച്ചത്. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും മികച്ച ഷോപ്പിങ്, വിനോദ അനുഭവങ്ങളാണ് നഗരിയിൽ ഒരുക്കിയിട്ടുള്ളത്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ ഗെയിമുകൾ, ഇതര വിനോദോപാധികൾ എന്നിവയും 1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഷോപ്പിങ് മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ലോകോത്തര റെസ്റ്ററന്റുകളും കോഫി ഷോപ്പുകളുമൊക്കെ കൂടി ചൂടുകാലത്തിന് ശേഷമുള്ള മിതകാലാവസ്‌ഥയിൽ ആസ്വാദ്യകരമായ സായാഹ്നങ്ങളും രാവുകളുമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുന്ന അവസരം ഉപഭോക്താക്കൾ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്.




 

ഷോപ്പിങ് ഉത്സവം തുടങ്ങി മൂന്നാം ദിനം തന്നെ നഗരിക്ക് ഗിന്നസ് ലോക റെക്കോഡ് ലഭിച്ച വാർത്ത 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. 1500ലധികം അന്തർദേശീയ ബ്രാൻഡുകളെ വിശാലതയും സൗകര്യവും ഒത്തുചേർന്ന ഒരേ നഗരിയിൽ അണിനിരത്തിയ വാണിജ്യവൈഭവത്തിനാണ് ഗിന്നസ് അവാർഡ് ലഭിച്ചത്.

വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രവേശനാനുമതിയുള്ള നഗരിയിൽ വസ്ത്രങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, യാത്രാ ബാഗുകൾ, വിവാഹ വസ്ത്രങ്ങൾ, തുകൽ ഉൽപന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശ്രേണി തന്നെ ഒരുക്കിയിട്ടുണ്ട്. 



 


എല്ലാ ദിവസവും വൈകീട്ട്​ നാല് മുതലാണ്​ നഗരി തുറക്കുക. ശനിയാഴ്​ച മുതൽ ബുധനാഴ്ച വരെ രാത്രി 12 വരെയും വ്യാഴം വെള്ളി ദിവസങ്ങളിൽ പുലർച്ചെ ഒന്ന്​ വരെയും നഗരി പ്രവർത്തിക്കും. സംഘാടകർ നൽകുന്ന ഇന്ററാക്ടീവ് മാപ്പ് നഗരിയിലെ ഓരോ മൂലകളും എളുപ്പത്തിൽ കണ്ടെത്താൻ സന്ദർശകരെ സഹായിക്കും.

http://enjoy.sa/ar/events/Outlet എന്ന ലിങ്ക് വഴി പ്രവേശന പാസുകൾ ബുക്ക് ചെയ്യാം.

Tags:    
News Summary - 'Outlet-2022' brings a festive season of entertainment and food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.