ദമ്മാം: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്റെ പ്രസ്താവനയിൽ കേരളം ഭരിക്കുന്ന ഇടതുസർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രവാസി വെൽഫയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തെ ലക്ഷ്യം വെച്ച് സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന തുടർച്ചയായ നുണപ്രചാരണങ്ങളുടെ മെഗാഫോണുകളായി സി.പി.എം നേതാക്കൾ മാറുന്നത് സ്ഥിരം കാഴ്ചയാവുകയാണ്. ലവ് ജിഹാദ് പോലെയുള്ള സംഘ്പരിവാർ നിർമിതികൾ കേരളത്തിൽ പ്രചരിപ്പിച്ചതിൽ സി.പി.എം നേതാക്കൾക്ക് കാര്യമായ പങ്കുണ്ട്. ഇസ്ലാം ഭീതി ഉയർത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കുന്ന സംഘ്പരിവാർ തന്ത്രത്തെ കോപ്പിയടിക്കാനാണ് ഇതുവഴി സി.പി.എം ശ്രമിക്കുന്നത്.
പാർലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കുന്നതിന് വേണ്ടി ഇസ്ലാം വിരുദ്ധ പ്രചാരണം ശക്തിപ്പെടുത്താൻ സി.പി.എം തീരുമാനിച്ചതിന്റെ ഭാഗമാണോ ജയരാജന്റെ പ്രസ്താവനയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യ ഭരിക്കുകയും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജനവിഭാഗങ്ങളെയും നിരന്തരമായ വംശഹത്യക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വർത്തമാന സാഹചര്യത്തിലാണ് കാര്യങ്ങളെ വഴിതിരിച്ചുവിടുന്ന രീതിയിൽ ജയരാജനെ പോലെയുള്ളവർ സംസാരിക്കുന്നത്. ഇത്തരം രാഷ്ട്രീയ വഞ്ചനകളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് യോഗത്തിൽ സംസാരിച്ച വൈസ് പ്രസിഡന്റ് സിറാജ് തലശേരി പറഞ്ഞു. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. സുനില സലീം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.