കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭായോഗം
റിയാദ്: ഈജിപ്തിൽ നടന്ന അസാധാരണ അറബ് ഉച്ചകോടിയിൽ ഫലസ്തീനെ സംബന്ധിച്ചെടുത്ത തീരുമാനങ്ങൾക്ക് പൂർണമായ പിന്തുണ പ്രഖ്യാപിച്ച് സൗദി മന്ത്രിസഭ.ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അറബ് ഉച്ചകോടിയിലെ തീരുമാനങ്ങളെ പൂർണമായി പിന്തുണക്കുകയായിരുന്നു. ഫലസ്തീൻ ജനതയെ അവരുടെ ഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കുന്നതിനെ നിരാകരിക്കുന്നതും യുദ്ധത്തിന്റെ ഫലമായുണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഉച്ചകോടി തീരുമാനങ്ങൾ.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശം ഉൾപ്പെടെ, സ്വയം നിർണയാവകാശത്തിനും നിയമാനുസൃതമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശം മന്ത്രിസഭ ഊന്നിപ്പറഞ്ഞു. ഗസ്സ മുനമ്പിലേക്കുള്ള മാനുഷിക സഹായം തടയാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെ മന്ത്രിസഭ അപലപിച്ചു. ഈ ഗുരുതരമായ ലംഘനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ അന്താരാഷ്ട്ര സമൂഹത്തോട് മന്ത്രിസഭ ആഹ്വാനം ചെയ്തു.
അന്താരാഷ്ട്ര ഉത്തരവാദിത്ത സംവിധാനങ്ങൾ സജീവമാക്കുകയും സഹായത്തിന് സുസ്ഥിരമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യണമെന്നും ആവശ്യപ്പെട്ടു.സൗദിയിലെ ഔദ്യോഗിക സന്ദർശന വേളയിൽ ലബനാൻ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചർച്ചകളുടെ ഫലങ്ങൾ കിരീടാവകാശി മന്ത്രിസഭയെ അറിയിച്ചു. സൗദി അറേബ്യയും ലബനാനും തമ്മിലുള്ള സംയുക്ത പ്രസ്താവനയുടെ ഉള്ളടക്കം മന്ത്രിസഭ അവലോകനം ചെയ്തു.
യോഗ്യരായ കുടുംബങ്ങൾക്ക് മതിയായ പാർപ്പിടം ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സാമൂഹിക സേവന സംവിധാനത്തിനും ദേശീയ സംരംഭങ്ങൾക്കും ഭരണകൂടത്തിന്റെ തുടർച്ചയായ പിന്തുണ മന്ത്രിസഭ സ്ഥിരീകരിച്ചു. ‘ജൂദ് മനാത്വിഖ്’ കാമ്പയിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കമ്യൂണിറ്റി അംഗങ്ങൾക്ക് പുറമേ സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത ഏജൻസികൾ തമ്മിലുള്ള സഹകരണത്തെയും സംയോജനത്തെയും മന്ത്രിസഭ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.