ദമ്മാം: ഇൗ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവായ ഡോ. സിദ്ദീഖ് അഹമ്മദ് തനിക്ക് ലഭിച്ച പുരസ്കാരം സമൂഹത്തിന് സമർപ്പിക്കുന്നതായി അറിയിച്ചു. ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെൻറ വളർച്ചയിലും ഉയർച്ചയിലും താൻ നേടിയ മുഴുവൻ നേട്ടങ്ങൾക്ക് പിന്നിലും പിന്തുണയും പ്രാർഥനയുമായി കുടുംബവും സമൂഹവും അടങ്ങുന്ന ആയിരക്കണക്കിന് പേരുടെ സാന്നിധ്യമുണ്ട്.
എല്ലാവരുടെയും കൂട്ടായ അധ്വാനവും പരിശ്രമവുമാണ് ഓരോ നേട്ടങ്ങൾക്ക് പിന്നിലെയും വിജയത്തിെൻറ രഹസ്യം. പുരസ്കാരത്തിന് തെരഞ്ഞെടുത്ത ഇന്ത്യ ഗവൺമെൻറിനും എംബസിക്കും തനിക്ക് ബിസിനസ് രംഗത്ത് വേരുറപ്പിക്കാനും അതിനെ വളർത്തിവലുതാക്കാനും എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന സൗദി ഭരണാധികാരികളോടുമുള്ള നന്ദിയും കടപ്പാടും അദ്ദേഹം പ്രകടിപ്പിച്ചു. 2020ൽ കോവിഡ് പശ്ചാത്തലത്തിൽ വർഷം മുഴുവൻ അനിശ്ചിതത്വങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃത്യമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടുപോയതുകൊണ്ട് ബിസിനസ് രംഗത്ത് പ്രയാസങ്ങൾ അനുഭവിക്കേണ്ടിവന്നില്ല. കോവിഡിന് ശേഷം സാമ്പത്തികരംഗം തകരുമെന്നുള്ള ചില വിലയിരുത്തലുകൾ ആശങ്കകൾ മാത്രമാണെന്നും പ്രായോഗിക നടപടികളുമായി മുന്നോട്ട് പോകുന്നവർക്ക് പ്രയാസപ്പെടേണ്ടിവരില്ലെന്നും അവസരങ്ങൾ ഇനിയും ഏറെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യ ഇന്ന് വലിയ നിക്ഷേപ, വ്യവസായ സൗഹൃദ രാജ്യമാണ്. പുതിയ വർഷത്തിൽ മൂന്ന് പ്രധാന മേഖലകളിൽ വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും.
സൗദി അറേബ്യ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല. അത് ഈ രാജ്യത്തിെൻറ സുസ്ഥിരതകൂടി വർധിപ്പിക്കുന്നതും പുതിയ തൊഴിൽ നിയമങ്ങൾ പ്രവാസികൾക്ക് വലിയ ആശ്വാസവുമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി ഖത്തർ ബന്ധം പുനഃസ്ഥാപിച്ചത് വ്യാപാര വാണിജ്യ രംഗങ്ങൾക്ക് പുത്തൻ ഉണർവ് നൽകും. ഇതുമൂലം തൊഴിൽ മേഖലയിൽ നിരവധി സാധ്യതകളാണ് വന്നെത്തുക. വർഷങ്ങൾക്ക് മുമ്പ് ഇറാം ഗ്രൂപ്പ് തുടങ്ങിെവച്ച ഇ - ടോയ്ലറ്റ് സംവിധാനം ഇന്ന് ആഗോളശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നും കാലിഫോർണിയ യൂനിവേഴ്സിറ്റിയും ഇറാം സയൻറിഫിക്കും ചേർന്ന് കണ്ടെത്തിയിട്ടുള്ള ഈ രംഗത്തെ പുതിയ സാങ്കേതിക വിദ്യകൾ ജലം, സാമ്പത്തികം ഉൾപ്പെടെ വിവിധ മേഖലകളിൽ ചെലവ് കുറച്ചും ഫലപ്രദമായും ഉപയോഗിക്കാൻ അവസരമൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡോ. സിദ്ദീഖ് അഹമ്മദിനുള്ള മീഡിയ ഫോറത്തിെൻറ ബൊക്കെ രക്ഷാധികാരി ഹബീബ് ഏലംകുളം അദ്ദേഹത്തിന് സമ്മാനിച്ചു. ഫോറം വൈസ് പ്രസിഡൻറ് ലുഖ്മാൻ വിളത്തൂർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സിറാജുദ്ദീൻ വെഞ്ഞാറമൂട് സ്വാഗതവും ട്രഷറർ മുജീബ് കളത്തിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.