ജിദ്ദ: പ്രവാസി സംരംഭകരുടെ കൂട്ടായ്മയിൽ ജിദ്ദ ശറഫിയ്യയിലെ ഹെൽപ് ലൈൻ ഓൺലൈൻ സർവിസസ് ഒരുക്കിയ 'പ്രവാസി വെൽെഫയർ സ്കീം' പദ്ധതിയിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദയിലെ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
പ്രവാസി സംരംഭകർ ദിനേന 103 റിയാൽ വീതം നിക്ഷേപിക്കുന്ന രീതിയിലായിരുന്നു പദ്ധതി. ദിനേന 100 റിയാൽ വീതം സ്വന്തത്തിനും മൂന്ന് റിയാൽ വീതം തൊഴിൽ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിപ്പോയ പ്രവാസികൾക്ക് ആശ്വാസം പകരുന്ന പദ്ധതികൾക്കും വേണ്ടി നീക്കിവെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയ മലപ്പുറം ജില്ലയിലെ വെള്ളുവമ്പ്രം സ്വദേശി കുഴിക്കാട്ടിൽ അബ്ദുൽ ഹഖിനെ ചടങ്ങിൽ ആദരിച്ചു. ഇദ്ദേഹത്തിനുള്ള ഉപഹാരം 'ഗൾഫ് മാധ്യമം' ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ കൈമാറി.
പദ്ധതിയിൽ അംഗങ്ങളായവരിൽനിന്നും ഒരാൾക്ക് വാഗ്ദാനം ചെയ്തിരുന്ന ബംബർ സമ്മാനമായ മാരുതി വാഗണർ കാറിെൻറ പ്രതീകാത്മക കൈമാറ്റവും ചടങ്ങിൽ നടന്നു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശി മണ്ണിൽതൊടിക ബഷീറിന് ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം അംഗങ്ങളായ സുൽഫിക്കർ ഒതായി, സാദിഖലി തുവ്വൂർ, ജിദ്ദയിലെ മികച്ച സംഘടനയായ ഹസൻ കൊണ്ടോട്ടി എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ചീഫ് കോഓഡിനേറ്റർ ശറഫുദ്ദീൻ അബൂബക്കർ കാറിെൻറ മാതൃക കൈമാറി.
ചടങ്ങിൽ ജിദ്ദയിലെ ശ്രദ്ധേയരായ ഗായകർ നൂഹ് ബീമാപ്പള്ളി, ആശ ഷിജു എന്നിവരുടെ നേതൃത്വത്തിൽ സംഗീതനിശയും നടന്നു. രണ്ടാംഘട്ട പദ്ധതി പ്രകാരം ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ പദ്ധതിയിൽ അംഗങ്ങളായവർക്ക് 30,000 റിയാൽ ലഭിക്കുന്നതിന് പുറമെ ബംബർ സമ്മാനമായി ഒരാൾക്ക് മാരുതി ബ്രസ്സ കാർ നൽകുമെന്നും മറ്റുള്ള മുഴുവൻ അംഗങ്ങൾക്കും ഖുർആൻ ചരിത്ര ഭൂമികളിലൂടെയുള്ള സഞ്ചാരത്തിൽ പങ്കുചേരാൻ അവസരമൊരുക്കുമെന്നും ശറഫുദ്ദീൻ അബൂബക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.