ദമ്മാം: മഴയുടെ താളത്തിലും കുളിരിലും പാട്ടുകൾ കേൾക്കാനും നേരിട്ട് ആസ്വദിക്കാനുമായി ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയിലേക്കുള്ള പ്രവേശന ടിക്കറ്റ് വിൽപനക്ക് മികച്ച പ്രതികരണം. സൗദിയുടെ ചരിത്രത്തിൽ ആദ്യമായി മഴ തീം ആക്കി മലയാളത്തിലെയും ഇതര ഭാഷകളിലെയും ഇമ്പമാർന്ന നിരവധിപാട്ടുകൾ കോർത്തിണക്കിയുള്ള ഗാന വിരുന്ന് ആസ്വദിക്കാനായി പ്രവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്യ, യുവ ഗായകരിൽ പ്രമുഖരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം മിഥുൻ രാമേഷും അണിനിരക്കുന്ന സംഗീത വിസ്മയം ഫെബ്രുവരി ഒമ്പതിന് അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് അരങ്ങേറുന്നത്.
പരിപാടിയുടെ ഏറ്റവും മുന്തിയ പ്രവേശന ടിക്കറ്റായ റെഡ് കാർപെറ്റ് കഴിഞ്ഞ ദിവസം മൂന്ന് പേർ സ്വന്തമാക്കി. റെഡ ഹസാർഡ് കണ്ട്രോൾ ബിസിനസ് യുനിറ്റ് ഡയറക്ടർ അബ്ദുറഹ്മാൻ മാഹിൻ ആദ്യ ടിക്കറ്റ് അബ്ദുല്ലത്തീഫിന് നൽകി. രണ്ടാമത്തെ ടിക്കറ്റ് റെഡ സെയിൽസ് മാനേജർ ഇബ്രാഹിം മൊഹ്‌സിനും മൂന്നാമത്തെ ടിക്കറ്റ് റെഡ സെയിൽസ് എൻജിനീയർ അലി അൽ ശംറാനിയും ഏറ്റുവാങ്ങി. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യമായി പരിപാടി ആസ്വദിക്കാൻ കഴിയും വിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്.
പ്ലാറ്റിനം ഫാമിലി (നാലു പേർക്ക്) 1750 റിയാൽ, പ്ലാറ്റിനം സിംഗിൾ 500 റിയാൽ, ഗോൾഡ് ഫാമിലി (നാലു പേർക്ക്) 1,000 റിയാൽ, ഗോൾഡ് സിംഗിൾ 300 റിയാൽ, സിൽവർ ഫാമിലി (നാലു പേർക്ക്) 500 റിയാൽ, സിൽവർ സിംഗിൾ 150 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. പരിപാടിയെ സംബന്ധിച്ച് കൂടുതൽ അറിയുന്നതിനും ടിക്കറ്റുകൾക്കും 0559280320, 0504507422 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.