അറാർ: വളരെ അപൂർവമായ പല്ലിയിനത്തെ സൗദി അറേബ്യയിലെ മരുഭൂമിയിൽ കണ്ടെത്തി. വടക്കൻ അതിർത്തി പ്രവിശ്യയായ അറാർ മേഖലയിലാണ് വംശനാശഭീഷണി നേരിടുന്ന ‘ട്രാപെലസ് സാവിഗ്നി’ എന്ന ശാസ്ത്രനാമത്തിലുള്ള പല്ലികളെ കണ്ടെത്തിയത്.
പല നിറങ്ങളുടെ മിശ്രിതം പോലെ തോന്നിക്കുന്നതാണ് ഇതിെൻറ ദേഹം. ഇടത്തരം വലുപ്പവും പരന്ന ശരീരവും വിശാലമായ ത്രികോണാകൃതിയിലുള്ള തലയും താരതമ്യേന നീളമുള്ള വാലുമുണ്ട്. പിറകിലും തലയിലും വലിയ ‘സ്പൈക്കി’ ചെതുമ്പലുകൾ കൊണ്ട് മൂടിയിരിക്കുന്നു.
പകൽ സമയത്ത് മരുഭൂമികളിൽ കാണാം. പ്രാണികളും ഇലകളുമാണ് പ്രധാന ഭക്ഷണം. ചരൽകല്ലുകൾ നിറഞ്ഞ പ്രദേശങ്ങളിലും പാറകൾ കൂടുതലുള്ള മരുഭൂഭാഗങ്ങളിലുമാണ് സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. മരുഭൂമിയിലെ ചൂടിൽനിന്ന് രക്ഷപ്പെടാൻ കുറ്റിച്ചെടികളിലും പാറകളിലും കയറുന്ന പതിവുണ്ട്.
നിറക്കൂട്ട് ലയിപ്പിച്ച പോലുള്ള ശരീരമാണെങ്കിലും ശരീരത്തിന്റെ കൂടുതൽ ഭാഗവും മണലിനോട് ലയിച്ചുചേരുന്ന നിറത്തിലുള്ളതാണ്. എന്നാൽ ആൺ പല്ലികൾക്ക് ഇണചേരൽ സമയത്ത് പെൺപല്ലികളെ ആകർഷിക്കാൻ തലയിലും കഴുത്തിലും ഇരുവശങ്ങളിലും നീല നിറം പ്രകടമാകും.
അറാർ മേഖലയിലെ ഭൂപ്രകൃതി ഇത്തരം അപൂർവ ഇനം ഉരഗങ്ങൾക്കും സസ്തനികൾക്കും അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നതായി അമൻ പരിസ്ഥിതി സൊസൈറ്റി അംഗവും വന്യജീവി പ്രേമിയുമായ അദ്നാൻ ഖലീഫ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.