ജിദ്ദ: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ വീണ്ടും ഖുർആൻ കത്തിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഖുർആന്റെ പകർപ്പുകൾ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികൾക്ക് ഔദ്യോഗിക അനുമതി നൽകിയുള്ള സ്വീഡിഷ് അധികാരികളുടെ ആവർത്തിച്ചുള്ളതും നിരുത്തരവാദപരവുമായ നടപടികളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണിത്. ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം സൗദിയിലെ സ്വീഡിഷ് എംബസിയുടെ ഷർഷെ ദഫേയെ വിളിച്ചുവരുത്തി ഈ അപമാനകരമായ പ്രവൃത്തികൾ തടയുന്നതിന് ആവശ്യമായ എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാൻ സ്വീഡിഷ് അധികാരികളോടുള്ള രാജ്യത്തിന്റെ അഭ്യർഥന അടങ്ങുന്ന പ്രതിഷേധക്കുറിപ്പ് കൈമാറുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സ്റ്റോക്ഹോമിൽ തീവ്രവാദി വീണ്ടും ഖുർആന്റെ പകർപ്പ് കത്തിച്ചതിനെ മുസ്ലിം വേൾഡ് ലീഗും ശക്തമായ ഭാഷയിൽ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളും തത്ത്വങ്ങളും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ ഈ ആചാരങ്ങളെ അപലപിക്കുന്നതായി വേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദത്തിന്റെ അജണ്ടകളെ മാത്രം സേവിക്കുന്ന, വിദ്വേഷം ഉണർത്തുകയും മതവികാരം ഇളക്കിവിടുകയും ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അപകടകരമാണെന്ന് ലീഗ് ആവർത്തിച്ചു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.