റിയാദ്: പർസൽ കൃത്യസ്ഥലത്ത് എത്തിക്കാൻ വഴിചോദിച്ച് ജയിലിലായ ശെൽവരാജ് സൗദി അറേബ്യയിൽനിന്ന് ജന്മനാട്ടിലെത്തിയത് എട്ടു വർഷത്തിനുശേഷം. തമിഴ്നാട്ടിലെ തിരുന്നൽവേലി ത്യാഗരാജനഗർ സ്വദേശിയായ ഇയാൾ മരിച്ചുപോയെന്ന് കരുതി നാട്ടിൽ കുടുംബം ആചാരപ്രകാരമുള്ള അന്ത്യകർമങ്ങൾ ചെയ്തു. ദമ്മാമിൽ മിനിട്രക്ക് ഡ്രൈവറായിരുന്ന ശെൽവരാജ് അസാധാരണമായ അനുഭവങ്ങളാണ് പ്രവാസത്തിൽ നേരിട്ടത്. തുറമുഖത്തുനിന്ന് കാർഗോ സാധനങ്ങൾ അതത് വിലാസങ്ങളിൽ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു. എട്ടു വർഷം മുമ്പ് ദമ്മാം മിനാ പോർട്ടിൽനിന്ന് ലഭിച്ച പർസലുമായി ഖഫ്ജിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു ജീവിതം കീഴ്മേൽ മറിച്ച സംഭവം.
ഇന്ധനം നിറക്കാൻ വഴിയിലൊരു പെട്രോൾ പമ്പിൽ വാഹനം നിർത്തിയപ്പോൾ അവിടെ കണ്ട ഒരു തുർക്കി ഡ്രൈവറോട് വഴി ചോദിച്ചു. അവിടെയുള്ള ഭക്ഷണശാലയിൽ കയറി ഭക്ഷണം കഴിച്ചശേഷം യാത്രതുടരാൻ വാഹനത്തിൽ കയറുേമ്പാൾ പൊലീസ് എത്തി പിടികൂടുകയായിരുന്നു. താൻ വഴിചോദിച്ച തുർക്കി ഡ്രൈവറെയും വേറെ ആളുകളെയും പൊലീസ് പിടികൂടിയിരുന്നു. തുർക്കി ഡ്രൈവറുടെ െട്രയ്ലറിനുള്ളിൽ വിദേശമദ്യമുണ്ടായിരുന്നെന്നും ലഹരിക്കടത്ത് സംഘമാണ് പിടിയിലായതെന്നും ശെൽവരാജ് ഞെട്ടലോടെ മനസ്സിലാക്കി. അതിലെ കണ്ണിയാണെന്ന് കരുതിയാണ് തന്നെയും പൊലീസ് പിടികൂടിയത്. വിചാരണകാലയളവിൽ ആറുമാസം ജയിലിൽ കിടന്നു. വിചാരണക്കിടെ തെൻറ നിരപരാധിത്വം ജഡ്ജിയുടെ മുന്നിൽ അവതരിപ്പിക്കാൻ ശെൽവരാജിന് കഴിഞ്ഞു. ഇത് ബോധ്യെപ്പട്ട ജഡ്ജി അയാളെ നിരപരാധിയെന്ന് കണ്ട് വിട്ടയച്ചു. ആറുമാസം കഴിഞ്ഞ് പുറത്തുവരുേമ്പാൾ വേറെ ധാരാളം നിയമക്കുരുക്കുകൾ കാത്തിരിക്കുന്നുണ്ടായിരുന്നു. വാഹനവും പർസൽ സാധനങ്ങളുമായി മുങ്ങിയെന്ന പരാതിയിൽ 12 പൊലീസ് കേസുകളാണ് ഉണ്ടായിരുന്നത്. മൊബൈൽ ഫോൺ പിടിച്ചുവെച്ചതിനാൽ ആരുമായും സംസാരിക്കാനായില്ല. സ്പോൺസറെയും തെൻറ അവസ്ഥ അറിയിക്കാനായില്ല.
വാഹനം നിർത്തിയിട്ടിരുന്ന സ്ഥലത്ത് ചെന്ന് നോക്കുേമ്പാൾ അത് കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നു. നാലു ടയറും ആരോ ഉൗരിക്കൊണ്ടുപോയി. ബാറ്ററിയും കവർന്നു. വാഹനത്തിന് അകത്ത് വെച്ചിരുന്ന 40,000 റിയാലും നഷ്ടപ്പെട്ടു. ഭാഗ്യത്തിന് കാർഗോ പർസൽ നഷ്ടപ്പെട്ടിരുന്നില്ല. കാർഗോ കമ്പനിയെ ബന്ധപ്പെട്ട് സത്യാവസ്ഥ ബോധ്യപ്പെടുത്തിയപ്പോൾ അവർ കേസുകൾ പിൻവലിച്ചു. വാഹനവുമായി കടന്നുകളഞ്ഞു എന്ന ധാരണയിൽ സ്പോൺസറും കേസ് കൊടുത്തിരുന്നു. മാത്രമല്ല തെൻറ അടുത്തുനിന്ന് ഒളിച്ചോടി എന്ന് കാണിച്ച് ജവാസത്തിന് പരാതി നൽകി 'ഹുറൂബാ'ക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തെ പോയികണ്ട് നിജസ്ഥിതി ബോധ്യപ്പെടുത്തിയപ്പോൾ കേസുകൾ പിൻവലിച്ചു. വാഹനം തിരിച്ചുകിട്ടിയതിനാൽ അദ്ദേഹത്തിന് പരാതിയുണ്ടായില്ല.
എന്നാൽ, ഹുറൂബ് പിൻവലിക്കും മുമ്പ് സ്പോൺസറെ കാണാതായി. അദ്ദേഹം കുവൈത്തിലേക്ക് പോയി എന്നാണ് അറിഞ്ഞത്. ഹുറൂബായതിനാൽ നാട്ടിൽ പോകാൻ കഴിയാതായി. ജയിലിൽനിന്നിറങ്ങിയപ്പോൾ കാഴ്ചയും ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. നിത്യചെലവിനും അന്തിയുറങ്ങാനും മാർഗം തേടി അലച്ചിലായിരുന്നു പിന്നെ. ഖഫ്ജിയിൽ ഒരു മരുഭൂമിയിലായിരുന്നു പിന്നീടുള്ള കാലം. ഇതിനിടയിൽ എട്ടു വർഷം കടന്നുപോയി. ഹുറൂബ് നീക്കാനായില്ല. ഇഖാമ പുതുക്കാനായില്ല.
പാസ്പോർട്ടും നഷ്ടപ്പെട്ടു. അഞ്ചുവർഷം മുമ്പ് നിതാഖാത് കാലത്ത് ആ ഇളവിൽ നാട്ടിൽ പോകാമെന്ന് കരുതി ഖഫ്ജിയിൽ നിന്ന് 600 കിലോമീറ്റർ നടന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി. എമർജൻസി പാസ്പോർട്ട് അവിടെനിന്ന് കിട്ടി. എന്നാൽ നാടുകടത്തൽ കേന്ദ്രത്തിൽ എക്സിറ്റ് അടിക്കാൻ ചെന്നപ്പോഴാണ് തടസ്സമായി ഒരു പൊലീസ് കേസുണ്ടെന്ന് മനസ്സിലാകുന്നത്. രക്ഷയില്ലാതെ ഖഫ്ജിയിലേക്ക് തന്നെ തിരികെ പോകേണ്ടിവന്നു. ഇൗ കാലത്തിനിടയിൽ രണ്ടുതവണകൂടി റിയാദിലെ എംബസിയിലെത്തി ഭാഗ്യാന്വേഷണം നടത്തി. നിരാശയായിരുന്നു ഫലം. അങ്ങനെ മൂന്നുതവണയായി 3600ഒാളം കിലോമീറ്ററാണ് ഇയാൾ നടന്നത്. അന്വേഷണത്തിനൊടുവിൽ 11 കേസുകളേ പിൻവലിച്ചിരുന്നുള്ളൂവെന്നും ഒരെണ്ണം ബാക്കി കിടക്കുന്നതാണ് നാട്ടിലേക്കുള്ള യാത്രക്ക് തടസ്സമാകുന്നതെന്നും മനസ്സിലായി. അത് കാർഗോ കമ്പനി നൽകിയ കേസായിരുന്നു.
അവർപോലും മറന്നുപോയ കേസ്. ഒടുവിൽ അവരത് പിൻവലിക്കാൻ തയാറായി. അതോടെ നാട്ടിൽ അയക്കാനുള്ള ശ്രമം എംബസി തുടങ്ങി. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ ഏൽപിച്ചു. രേഖകൾ ശരിയാകുന്നതുവരെ റിയാദിലെ സഫിയ ട്രാവൽസ് ഉദ്യോഗസ്ഥൻ അനിൽകുമാർ തെൻറ താമസസ്ഥലത്ത് അഭയം നൽകി. 20 ദിവസം ഇങ്ങനെ കഴിഞ്ഞു. ഒടുവിൽ രേഖകളെല്ലാം ശരിയായി കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി. ശിഹാബ് കൊട്ടുകാട്, നോവൽ ഗുരുവായൂർ എന്നീ സാമൂഹികപ്രവർത്തകരാണ് സഹായം നൽകിയത്. വേൾഡ് മലയാളി ഫെഡറേഷൻ, ലയൺസ് ക്ലബ് എന്നീ സംഘടനകൾ വിമാന ടിക്കറ്റ് നൽകി. സലിം മൈനാഗപ്പള്ളി, ഉസ്മാൻ, റിയാസ് എന്നിവർ നാട്ടിലെ ക്വാറൻറീൻ ഉൾപ്പെടെയുള്ള ചെലവുകൾക്കുള്ള പണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.