റിയാദ്: തീരദേശ വിനോദസഞ്ചാര അനുഭവങ്ങൾ സ്വായത്തമാക്കാൻ വിനോദസഞ്ചാരികളെയും ട്രാവൽ ഏജൻസികളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി ചെങ്കടൽ അതോറിറ്റി കാമ്പയിൻ ആരംഭിച്ചു. ‘പരിധിയില്ല... (ദേർ ഈസ് നോ ലിമിറ്റ്)’ എന്ന പേരിലാണ് പ്രമോഷനൽ കാമ്പയിൻ. ചെങ്കടൽ പര്യവേക്ഷണം ചെയ്യാനും തീരദേശ ടൂറിസം അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിൻ നടത്തുന്നത്. യാച്ചിങ്, ഡൈവിങ്, സ്നോർക്കലിങ്, വിനോദ മത്സ്യബന്ധനം, ഉല്ലാസ ബോട്ടിങ്, ചെങ്കടലിലെ ബീച്ച് പ്രവർത്തനങ്ങൾ എന്നിവക്ക് പുറമെയുള്ള ക്രൂസ് യാത്രകളും ഇതിലുൾപ്പെടും. ചെങ്കടലിൽ സൗദി അറേബ്യയുടെ ആദ്യത്തെ ക്രൂസ് കപ്പൽ ‘അറോയ’ ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് ഇങ്ങനെയൊരു കാമ്പയിനിൽ അതോറിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ചെങ്കടലിന്റെ ഊഷ്മളമായ ശൈത്യ കാലാവസ്ഥ, അതിലെ സമ്പന്നമായ പവിഴപ്പുറ്റുകൾ, 1800 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സ്വർണ മണൽ, വ്യത്യസ്തമായ ഭൂപ്രദേശം, വൈവിധ്യമാർന്ന നാവിഗേഷൻ, സമുദ്ര പ്രവർത്തനങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ നിക്ഷേപകർ വാഗ്ദാനം ചെയ്യുന്ന സവിശേഷമായ തീരദേശ ടൂറിസം അനുഭവിക്കാനും കണ്ടെത്താനും ചെങ്കടലിനെ അസാധാരണ ലക്ഷ്യസ്ഥാനമാക്കി മാറ്റുകയുമാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. സമുദ്രപരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പുറമെ മികച്ച സുരക്ഷയിൽ വിനോദസഞ്ചാരികൾക്കും പരിശീലകർക്കും ആസ്വാദ്യകരമായ അനുഭവം ഉറപ്പാക്കുന്നതിന് അതോറിറ്റി മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
വൈവിധ്യമാർന്ന പരിപാടികളും ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യ സൗദി ക്രൂസ് കപ്പലിന്റെ വരവിന് സമാന്തരമായി നടത്തുന്ന കാമ്പയിൻ ഇതിന്റെ ഭാഗമാണ്. തീരദേശ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രത്യേകിച്ച് ക്രൂസ് പ്രവർത്തനത്തിൽ ഗുണപരമായ ഒരു ചുവടുവെപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.