യാംബു: ഡിസംബർ 18 ലെ ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് യാംബു റോയൽ കമ്മീഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘ഞങ്ങൾ അറബി ഭാഷയിൽ അഭിമാനിക്കുന്നു’ എന്ന ശീർഷകത്തിൽ നടന്ന ആഘോഷ പരിപാടിയിൽ യാംബുവിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ അറബ് കവികളും ഭാഷാ വിദഗ്ധരും പങ്കെടുത്തു.
അറബി ഭാഷയുടെ പ്രാധാന്യത്തെയും അതിന്റെ ചരിത്രത്തെക്കുറിച്ചും വിശദീകരിക്കുന്ന പ്രദർശനവും ചടങ്ങിൽ നടന്നു. അത്യാകർഷകമായ അറബ് കാലിഗ്രഫിയുടെ വൈവിധ്യമാർന്ന പോസ്റ്ററുകൾ സന്ദർശകരെ ആകർഷിച്ചു. അറബ് കാലിഗ്രഫി മത്സരവും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. അറബി ഭാഷയുടെ പ്രചാരണവും അതിന്റെ പ്രാധാന്യവും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
‘ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് എജുക്കേഷൻ’ വിഭാഗത്തിലെ സ്ത്രീ പുരുഷ ജീവനക്കാരുടെ വ്യത്യസ്തമായ ആശയവിനിമയത്തിന് ചടങ്ങ് സാക്ഷ്യംവഹിച്ചു. അറബി ഭാഷയുടെ സൗന്ദര്യവും അതിന്റെ സാംസ്കാരിക പൈതൃകവും ആളുകളിലേക്ക് പകർന്നു നൽകാനും ഭാഷയുടെ ഉപയോഗം കൂടുതൽ വർധിപ്പിക്കാനും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം നൽകേണ്ടതും അനിവാര്യമാണെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റോയൽ കമീഷൻ സി.ഇ.ഒ എൻജിനീയർ അബ്ദുൽ ഹാദി ബിൻ അബ്ദുൽ റഹ്മാൻ അൽ ജുഹാനി പരിപാടിയിലെ മുഖ്യാതിഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.