റിയാദ്: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനിയും ചർച്ച നടത്തി. അൽഉലയിലെ ശൈത്യകാല ക്യാമ്പിൽ നടത്തിയ ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ വശങ്ങളും അവ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും അവലോകനം ചെയ്തു. സുരക്ഷയും സുസ്ഥിരതയും കൈവരിക്കുന്നതിന് മേഖലയിലെ സാഹചര്യങ്ങളും സംഭവവികാസങ്ങളും അതിനായി നടത്തുന്ന ശ്രമങ്ങളും ചർച്ച ചെയ്തു.
യോഗത്തിൽ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, സഹമന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽഐബാൻ, ഇറാഖ് ഇന്റലിജൻസ് സർവിസ് അണ്ടർ സെക്രട്ടറി വഖാസ് മുഹമ്മദ് ഹുസൈൻ എന്നിവർ പങ്കെടുത്തു. ബുധനാഴ്ചയാണ് ഇറാഖ് പ്രധാനമന്ത്രിയും പ്രതിനിധി സംഘവും അൽ ഉലയിലെത്തിയത്. അൽ ഉല അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ, മേഖലയിലെ റോയൽ പ്രോട്ടോക്കോൾ ഓഫിസ് ഡയറക്ടർ ഇബ്രാഹിം ബിൻ അബ്ദുല്ല ബെറി, മദീന മേഖല പൊലീസ് ഡയറക്ടർ മേജർ ജനറൽ യൂസഫ് ബിൻ അബ്ദുല്ല അൽ സഹ്റാനി, അൽഉല വിമാനത്താവള ഡയറക്ടർ എൻജി. അബ്ദുൽ വഹാബ് ബിൻ അബ്ദുൽ റാഷിദ് ബുഖാരി എന്നിവർ ചേർന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.