റിയാദ്: റിയാദ് സീസണിലെ സൗജന്യ പ്രവേശനം അനുവദിക്കുന്ന വേദികളിലൊന്നായ സുവൈദി പാർക്കിലേക്ക് കലാസ്വാദകരുടെ പ്രവാഹം. സൗജന്യ പ്രവേശനവും വ്യത്യസ്ത രാജ്യങ്ങളുടെ വാരാഘോഷങ്ങളുമാണ് ഈ വേദിയുടെ പ്രത്യേകത. ഓരോ ആഴ്ചയിലും ഓരോ രാജ്യങ്ങൾ അതിഥികളാവും. പാകിസ്താൻ, സുഡാൻ, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വാരാഘോഷങ്ങൾ കഴിഞ്ഞു. ഇനി ഫിലിപ്പീൻസിന്റെ ഊഴമാണ്.
രാജ്യത്തിന്റെ പൈതൃകം, ഭക്ഷണ സംസ്കാരം, ജീവിതരീതി, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ആഘോഷങ്ങളാണ് ഇവിടെ അരങ്ങുണർത്തുക. സൗദിയിലാകെ 15 ലക്ഷത്തിലധികം ഫിലിപ്പീൻസുകാരുണ്ട്. തലസ്ഥാന നഗരിയായ റിയാദിലും ലക്ഷകണക്കിന് ഫിലിപ്പീൻസുകാർ തൊഴിലെടുക്കുന്നുണ്ട്. മറ്റു രാജ്യക്കാരെ അപേക്ഷിച്ച് വിനോദങ്ങളിലൂടെ ജീവിതം ആസ്വദിക്കുന്നതിൽ മുൻപന്തിയിലാണ് ഇവർ.
ആഘോഷം തുടങ്ങിയ ദിവസം മുതൽ നല്ല തിരക്കാണ് സുവൈദി പാർക്കിൽ അനുഭവപ്പെടുന്നത്. ഈ വാരാന്ത്യത്തിൽ തങ്ങളുടെ രാജ്യത്തിന്റെ ആഘോഷത്തിൽ പങ്കുചേരാനും അതിഥികളായി പങ്കെടുക്കുന്ന പ്രിയപ്പെട്ട കലാകാരന്മാരുടെ പ്രകടനം ആസ്വദിക്കാനും സൗദിയുടെ അടുത്ത പ്രവിശ്യകളിൽനിന്നും ഉൾഗ്രാമങ്ങളിൽനിന്നും ഫിലിപ്പീൻസ് പൗരന്മാർ റിയാദിലെത്തും.
ആഗോള സംസ്കാരങ്ങളുടെ വിനിമയ വേദിയിലേക്ക് എത്തുന്നവരിൽ എല്ലാ രാജ്യക്കാരുമുണ്ട്. ഫിലിപ്പിനോകൾ തൊഴിലിടങ്ങളിലെ സഹപ്രവർത്തകരായ മറ്റു ദേശക്കാരെയും സുഹൃത്തുക്കളെയും തങ്ങളുടെ സംസ്കാരങ്ങളും കലയും പരിചയപ്പെടുത്താനുള്ള അവസരമായി കണ്ട് വേദിയിൽ എത്തിക്കുന്നുണ്ട്.
എല്ലാ ദിവസം വൈകീട്ട് നാലു മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. ഈ മാസം 19ന് അർധരാത്രി വരെ തുടരുന്ന ഫിലിപ്പീൻസ് വാരാഘോഷ വേദി സന്ദർശിക്കാൻ https://riyadhseason.sa എന്ന വെബ്സൈറ്റിലാണ് സൗജന്യ ബുക്കിങ് നടത്തേണ്ടത്.
സുവൈദി പാർക്ക് സൗജന്യമാക്കിയതോടെ സാധാരണക്കാരുടെ വേദി ഇതായി മാറിയിരിക്കുകയാണ്. സുഡാനി വാരാഘോഷത്തിനാണ് ഏറ്റവും കൂടുതൽ ആസ്വാദകരെത്തിയത്. റിയാദ് നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കിങ് ഫഹദ് ഹൈവേയിലുള്ള കിങ്ഡം സെന്റർ, ഫൈസലിയ ടവർ, മജ്ദൂൽ ടവർ തുടങ്ങിയ അംബരചുംബികളിൽ നിന്നുള്ള ലേസർ പ്രകടനങ്ങൾ നിറമുള്ള കാഴ്ചയാണ് സമ്മാനിക്കുന്നത്.
നവംബർ നാലിന് ആരംഭിച്ച ലൈറ്റ് ഷോ ഈ മാസം 19 വരെ നീളും. ഞായർ മുതൽ ബുധൻ വരെ എല്ലാ ദിവസവും രാത്രി എട്ടു മുതൽ 10 വരെയും വാരാന്ത്യങ്ങളിൽ രാത്രി എട്ടു മുതൽ 12 വരെയും ഓരോ മണിക്കൂർ ഇടവിട്ട് ലേസർ പ്രകടനങ്ങൾ അരങ്ങേറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.