റിയാദ്: കോവിഡിെൻറ നീണ്ട ഇടവേളക്കു ശേഷം ഉത്സവകാലം ആസ്വദിക്കാനുള്ള ഒരുക്കത്തിലാണ് സൗദി തലസ്ഥാന നഗരി. വടക്കൻ റിയാദിലെ മൽഹം മേഖലയിൽ കൊടിയേറിയ പ്രാപ്പിടിയൻ (ഫാൽക്കൺ) മേളയോടെ നാടും നഗരവും ആഘോഷത്തിമിർപ്പിലേക്ക് നീങ്ങുകയാണ്. ഈ വർഷത്തെ ഫാൽക്കൺ മേള, പ്രദർശനത്തിലും വിൽപനയിലും മാത്രം ഒതുങ്ങുന്നില്ല.
മരുക്കാട്ടിൽ നായാട്ടിനിറങ്ങുന്നവർക്ക് ആവശ്യമായ എല്ലാ സാമഗ്രികളും പരിശീലനവും മേളയുടെ ഭാഗമായുണ്ട്. ദേശീയ പക്ഷിയായ ഫാൽക്കണുകളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചും 40ഓളം വർഗങ്ങളുള്ള ഈ ഇനത്തിെൻറ ചരിത്രത്തെ കുറിച്ചും കൃത്യമായ അവബോധം നൽകുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ മേള നഗരിയിൽ തയാറാണ്.
പ്രാപ്പിടിയനുകളുടെ ദേശാടന രീതിയും ജീവിതശൈലിയും ഇര പിടിക്കുന്നതിെൻറ കൗശലവും ആയുസ്സിെൻറ കണക്കും ഉൾെപ്പടെ സമ്പൂർണ വിവരങ്ങൾ അടങ്ങുന്ന ഡിജിറ്റൽ മ്യൂസിയങ്ങൾ മേളയിൽ കുട്ടികളെയും മുതിർന്നവരെയും ആകർഷിക്കും വിധം മനോഹരമായി രൂപകൽപന ചെയ്തിട്ടുണ്ട്.
മരുഭൂമിയുടെ ഉൾഭാഗങ്ങളിലേക്ക് പോയി രാപ്പാർക്കാനും നായാട്ടിനും പോകുന്നവർക്ക് ആവശ്യമായ ഓഫ് റോഡ് വാഹനങ്ങൾ, പ്രത്യേകയിനം വസ്ത്രങ്ങൾ, വേട്ടക്കുള്ള ആയുധങ്ങൾ, മരുഭൂമിയിൽ തമ്പുകൾ നിർമിക്കുന്നതിനാവശ്യമായ ഷീറ്റുകൾ തുടങ്ങി എല്ലാ സാമഗ്രികളും മേളയിൽ വിൽപനക്കും പ്രദർശനത്തിനുമായുണ്ട്.
പ്രദർശന നഗരിയിലേക്ക് കുട്ടികൾക്കും മുതിർന്നവർക്കും പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല.
രാജ്യം കൊടുംചൂടിൽ നിന്ന് തണുപ്പിലേക്ക് നീങ്ങുന്നതിെൻറ സൂചനകൾ കിട്ടി തുടങ്ങിയതോടെ വിനോദ സഞ്ചാരികൾ അവരുടെ യാത്രകൾ ക്രമീകരിച്ചു തുടങ്ങിയിട്ടുണ്ട്. മണൽ കുന്നുകൾക്ക് മുകളിൽ കൂടാരമുണ്ടാക്കിയും തീകാഞ്ഞും ഭക്ഷണം പാകം ചെയ്തും വാരാന്ത്യങ്ങൾ ഇനി സജീവമാകും.
ഈ മാസം 20ന് റിയാദ് സീസൺ രണ്ടാം ഘട്ടത്തിന് തുടക്കമാകുന്നതോടെ നഗരം തീർത്തും ഉത്സവ ലഹരിയിലമരും. 14 മേഖലകളിലായി 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 7,500 ഓളം പരിപാടികൾ അരങ്ങ് തകർക്കും.
സംഗീത പരിപാടികൾ, അറബ് - അന്താരാഷ്‌ട്ര നാടകങ്ങൾ, കവിയരങ്ങുകൾ, റെസ്ലിങ് മത്സരങ്ങൾ, സർഗസംവാദങ്ങൾ തുടങ്ങി നിരവധി ഇനങ്ങളാണ് ജനറൽ എൻറർടെയ്ൻമെൻറ് അതോറിറ്റി ചെയർമാൻ തുർക്കി അൽ ശൈഖ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. പുതുവർഷാരംഭത്തിെൻറ കൊടും തണുപ്പിൽ സീസണ് ചൂടു പകരാൻ ലോക പ്രസിദ്ധ ഫുട്ബാൾ താരങ്ങളായ ലയണൽ മെസ്സിയും നെയ്മറും പറന്നിറങ്ങും.
പ്രാദേശിക ക്ലബ്ബുകളായ അല്‍ ഹിലാല്‍, അല്‍ നസ് തുടങ്ങിയവയോടാണ് ലോകോത്തര താരങ്ങളടങ്ങിയ പി.എസ്.ജി മത്സരിക്കുക.
വിദേശികളും സ്വദേശികളും ഉൾപ്പെടെ ലക്ഷക്കണക്കിന് ആരാധകരുള്ള രണ്ട് താരങ്ങൾ കാലു കുത്തുന്നതോടെ സീസൺ രണ്ടിെൻറ ആഘോഷവും ആവേശവും അത്യുന്നതിയിലെത്തും.
ഭക്ഷ്യ വിനോദസഞ്ചാരത്തിെൻറ ഭാഗമായി വൈവിധ്യങ്ങളായ രുചിക്കൂട്ടുകളോടെ ഇരുനൂറോളം റസ്റ്റാറൻറുകളും 70 കഫേകളും നഗരത്തിൽ ഒരുങ്ങിക്കഴിഞ്ഞു. ഈ മാസം 20 ന് ഇതെല്ലാം ആസ്വാദകർക്ക് മുന്നിൽ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.