റിയാദ്: റിയാദ് നഗരത്തിൽ കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റവരിൽ പകുതിയിലധികംപേരും തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 25 പേർ ആരോഗ്യത്തോടെ ആശുപത്രി വിട്ടു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കേസുകളുടെ എണ്ണത്തിൽ വ്യക്തമായ കുറവുണ്ടായതായി ആരോഗ്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദു ആലി പറഞ്ഞു. മുമ്പ് വ്യക്തമാക്കിയതല്ലാതെ കേസുകളുമായി ബന്ധപ്പെട്ട മറ്റു ഉറവിടങ്ങളൊന്നുമില്ലെന്നും ‘എക്സ്’ പ്ലാറ്റ്ഫോമിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുവഴി ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് വിവരങ്ങളെടുക്കേണ്ടതിന്റെ പ്രാധാന്യവും കിംവദന്തികളും സ്ഥിരീകരിക്കാത്ത വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞാഴ്ചയാണ് റിയാദ് നഗരത്തിലെ ഒരു ഭക്ഷണശാലയിൽ ഏതാനും ആളുകൾക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 35 ആയി ഉയർന്നതായും ഇതിൽ 27 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എപ്പിഡെമിയോളജിക്കൽ അന്വേഷണവും ബന്ധപ്പെട്ട അധികാരികളുമായുള്ള സംയോജനവും അണുബാധയുടെ സാധ്യത കുറയ്ക്കുന്നതിനും വിഷബാധയേറ്റവരെക്കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനും കാരണമായെന്നും വക്താവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.