ത്വാഇഫ്: സൗദിയിലെ പ്രധാന വിനോദ സഞ്ചാരമേഖലയും കാർഷിക മേഖലയുമായ മക്ക പ്രവിശ്യയിലെ ത്വാഇഫിൽ 18ാമത് റോസാപ്പൂ മേള ഈ മാസം 21 മുതൽ മേയ് അഞ്ച് വരെ നടക്കുമെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു. മേള കാണാനെത്തുന്നവരെ വരവേൽക്കാൻ വിപുലമായ ഒരുക്കമാണ് അധികൃതർ സ്വീകരിച്ചുവരുന്നത്. ഇവിടെ അൽ ശഫ, അൽ ഹദ, ബനു സഅദ്, അന്നുഹദ പർവത മേഖലകളിലാണ് റോസാപ്പൂ കൃഷി ചെയ്യുന്നത്.
ആഗോള വിപണിയിലെ തന്നെ വിലകൂടിയ റോസാപ്പൂ തൈലവും അനുബന്ധ ഉൽപന്നങ്ങളും ത്വാഇഫിൽനിന്ന് നിർമിക്കുന്നുണ്ട്. നഗരിയിലെ 2,500 മീറ്റർ ഉയരത്തിലുള്ള ഗിരിമേഖലയിൽ വാദി മഹ്റം, അൽ ഹദ, അൽ ശഫ തുടങ്ങിയ താഴ്വരകളിലാണ് പിങ്ക് നിറത്തിലുള്ള റോസാപ്പൂ കൃഷി വ്യാപകമായി നടക്കുന്നത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ റോസാപ്പൂ വിളവെടുപ്പാണ് ത്വാഇഫിൽ നടക്കുന്നത്. 900 തോട്ടങ്ങളിൽനിന്ന് എല്ലാ വർഷവും ഏകദേശം 30 കോടിയിലധികം പൂക്കൾ ഉത്പാദിപ്പിക്കുന്നു.
30 ഇതളുകളുള്ള പിങ്ക് റോസ് ത്വാഇഫിെൻറ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്. ഇവയിൽനിന്ന് പനിനീർ, റോസ് ഓയിൽ, റോസ് പെർഫ്യൂം എന്നിവ ഉൽപാദിപ്പിക്കുന്നു. റോസാപ്പൂ ഉത്പന്നങ്ങൾക്കായുള്ള 20തിലേറെ ഫാക്ടറികൾ ഇവിടുണ്ട്. പിങ്ക് റോസ് പൂക്കളിൽനിന്ന് 70ലധികം ഉൽപന്നങ്ങൾ നിർമിക്കുന്നതിനാവശ്യമായ വസ്തുക്കൾ വിവിധ ഫാക്ടറിയിൽനിന്നും ഉൽപാദിപ്പിക്കുന്നതും ത്വാഇഫിലെ വേറിട്ട കാഴ്ച്ചയാണ്. ഇവിടുത്തെ അപൂർവ റോസാപ്പൂ കൃഷിക്കും അതിെൻറ വൈവിധ്യങ്ങളായ മേൽത്തരം ഉത്പ്പന്നങ്ങൾക്കും രാജ്യത്തെ കാർഷിക മന്ത്രാലയവും മറ്റ് വിവിധ സർക്കാർ ഏജൻസികളും വർധിച്ച പിന്തുണയും പ്രോത്സാഹനവും നൽകുന്നുണ്ട്.
2005 മുതൽ പൂക്കളുടെ വിളവെടുപ്പ് കാലത്തോടനുബന്ധിച്ച് റോസപ്പൂ മേള നടന്നുവരുന്നുണ്ട്. ഈ വർഷത്തെ മേളയിൽ ത്വാഇഫിലെ തെരുവുകളിലൂടെ അൽ റദ്ദാഫ് പാർക്കിലേക്ക് റോസാപ്പൂക്കളുടെ വർണാഭമായ ദൃശ്യങ്ങൾ ഒരുക്കി പ്രത്യേക പരേഡ് ഒരുക്കുന്നുണ്ട്. മേളയോടനുബന്ധിച്ച് ലൈറ്റ് ഷോ, റോസാ പൂ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, ഭക്ഷ്യമേള, കുട്ടികൾക്കായി വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ ഒരുക്കുന്നതായും സംഘാടകർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ റോസ് മേളയിൽ ഏകദേശം 10 ലക്ഷം സന്ദർശകരെത്തി. 50ലധികം വൈവിധ്യമാർന്ന പരിപാടികളാണ് അവതരിപ്പിച്ചത്. ഏറ്റവും വലിയ ‘പൂക്കൊട്ട’ ലോക റെക്കോർഡ് നേടാനായതും കഴിഞ്ഞ വർഷത്തെ മേളയിലാണ്. 12 മീറ്ററിലധികം നീളവും ഏകദേശം എട്ട് മീറ്റർ വീതിയും 1.3 മീറ്റർ ഉയരവുമായിരുന്നു ‘പൂക്കൊട്ട’ക്കുണ്ടായിരുന്നത്.
84,450 റോസാപ്പൂക്കൾ ഉൾക്കൊള്ളുന്ന കൊട്ട നിർമിക്കാൻ 190 ആളുകൾക്ക് 168 മണിക്കൂറിലധികം സമയം വേണ്ടിവന്നു. പ്രദേശത്തെ കർഷകരുടെ പാരമ്പര്യോത്സവം കൂടിയാണ് ത്വാഇഫ് റോസാപ്പൂ മേള. വിവിധ പ്രദേശങ്ങളിൽനിന്ന് സഞ്ചാരികളുടെ വർധിച്ച വരവ് ഈ വർഷവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.