റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. എന്നാൽ വിവിധ ജില്ലകൾക്ക് മതിയായ പ്രാതിനിധ്യമില്ലെന്ന പരാതി നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. കമ്മിറ്റിയെ ചൊല്ലി കാര്യമായ അതൃപ്തിയുണ്ടെന്ന് നേതൃനിരയിലുള്ളവർ തന്നെ പറയുന്നു. പ്രഖ്യാപനം വന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുസ്ലിം ലീഗ് മുഖപത്രം ‘ചന്ദ്രിക’ക്കൊഴികെ മറ്റ് മാധ്യമങ്ങൾക്കൊന്നും ഭാരവാഹിപട്ടിക പ്രസിദ്ധീകരണത്തിനായി നൽകിയിരുന്നില്ല.
വിവാദം ശക്തിപ്പെടുന്നതിനിടെ, ഇന്നലെ വൈകീട്ട് നിയുക്ത ജനറൽ സെക്രട്ടറി തങ്ങൾ പ്രഖ്യാപിച്ച സമ്പൂർണ ഭാരവാഹി പട്ടിക തന്നെ മാധ്യമങ്ങൾക്ക് നൽകുകയായിരുന്നു. കമ്മിറ്റി രൂപവത്കരണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച നിരീക്ഷകന്മാരും വരണാധികാരികളും റിയാദിലെ വിവിധ ജില്ലാകമ്മിറ്റികളുമായും മണ്ഡലം, ഏരിയ കമ്മിറ്റികളുമായും പ്രധാന നേതാക്കളുമായും ചർച്ച ചെയ്ത് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ചാണ് സാദിഖലി തങ്ങൾ കമ്മിറ്റി പ്രഖ്യാപനം നടത്തിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
സി.പി. മുസ്തഫ (പ്രസിഡൻറ്), ഷുഹൈബ് പനങ്ങാങ്ങര (ജനറൽ സെക്രട്ടറി), അഷ്‌റഫ് വെള്ളേപ്പാടം (ട്രഷറർ), സത്താർ താമരത്ത് (ഓർഗനൈസിങ് സെക്രട്ടറി), യൂ.പി. മുസ്തഫ (ചെയർമാൻ), അബ്ദുറഹ്മാൻ ഫറോക്ക് (സുരക്ഷാ പദ്ധതി ചെയർമാൻ), അഡ്വ. അനീർ ബാബു, അസീസ് വെങ്കിട്ട, മജീദ് പയ്യന്നൂർ, റഫീഖ് മഞ്ചേരി, മാമുക്കോയ പാലക്കാട്, പി.സി. അലി, കബീർ വൈലത്തൂർ, നജീബ് നെല്ലാംകണ്ടി (വൈസ് പ്രസിഡൻറുമാർ), കെ.ടി. അബൂബക്കർ, നാസർ മാങ്കാവ്, ഷമീർ പറമ്പത്ത്, സിദ്ധീഖ് തുവ്വൂർ, ഷാഫി തുവ്വൂർ, ഷംസു പെരുമ്പട്ട, അഷ്‌റഫ് കൽപകഞ്ചേരി, സിറാജ് വള്ളിക്കുന്ന് (സെക്രട്ടറിമാർ) എന്നീ പേരുകളാണ് ഭാരവാഹികളുടേതായി വാർത്താക്കുറിപ്പിലുള്ളത്. ചന്ദ്രിക പ്രസിദ്ധീകരിച്ചതും ഈ പട്ടികയാണ്.
എന്നാൽ ജില്ലകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് നിയുക്ത പ്രസിഡൻറ് സി.പി. മുസ്തഫ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. 22 ഭാരവാഹികളിൽ ഭൂരിപക്ഷവും മലപ്പുറം ജില്ലയിൽനിന്നാണെന്നും മുഖ്യപദവികളിൽ കൂടുതലും ആ ജില്ലക്കാണെന്നും കോഴിക്കോട് ഉൾപ്പടെ നല്ലതോതിൽ മെമ്പർഷിപ്പുള്ള മറ്റ് ജില്ലകൾക്ക് അർഹമായ പരിഗണന ലഭിച്ചിട്ടില്ലെന്നുമാണ് വ്യാപകമാകുന്ന ആക്ഷേപം. ഇത് കൂടാതെ നിർദ്ദിഷ്ട സെക്രട്ടറിമാരിലൊരാളായ സിദ്ധീഖ് തുവ്വൂർ തന്നെ ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിൽ ജീവകാരുണ്യ വിഭാഗം ചെയർമാനാണ് അദ്ദേഹം. തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് പാർട്ടി പദവികൾ ഏറ്റെടുക്കുന്നതിലെ വിമുഖത നേതൃത്വത്തെ അറിയിച്ചതെന്ന് അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
എന്നാൽ റിയാദിൽ ആകെയുള്ള 10,000 അംഗങ്ങളിൽ പകുതിയിൽ കൂടുതൽ മലപ്പുറം ജില്ലയിൽനിന്നാണെന്നും അംഗസഖ്യക്ക് അനുസൃതമായ പ്രാതിനിധ്യമേ ജില്ലക്ക് കിട്ടിയിട്ടുള്ളൂ എന്നുമാണ് മറുവാദം.
റിയാദ്: സമവായത്തിൽ മതിയായ ‘സമവായം’ ആയിട്ടില്ലെന്നാണ് മറനീക്കിയ അസ്വസ്ഥതകൾ വെളിപ്പെടുത്തുന്നത്. റിയാദിൽ രഹസ്യ ബാലറ്റിലൂടെയുള്ള തെരഞ്ഞെടുപ്പിനായിരുന്നു ആദ്യം കളമൊരുങ്ങിയത്. അതിനായി കഴിഞ്ഞ മാസം ഒടുവിൽ തെരഞ്ഞെടുപ്പ് കൗൺസിൽ യോഗം ചേരുകയും ചെയ്തിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറും സൗദി കെ.എം.സി.സി തെരഞ്ഞെടുപ്പ് സമിതി ചെയർമാനുമായ അബ്ദുറഹ്മാൻ കല്ലായി, നിരീക്ഷകൻ പ്രഫ. സൈനുൽ ആബിദീൻ തങ്ങൾ എം.എൽ.എ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡൻറും നാഷനൽ കമ്മിറ്റി ട്രഷററുമായ കുഞ്ഞിമോൻ കാക്കിയ എന്നിവർ റിയാദിലെത്തി ഒരുക്കം നടത്തി.എന്നാൽ യോഗത്തിനൊടുവിൽ വോട്ടെടുപ്പ് വേണ്ടെന്നും പാണക്കാട്ട് നിന്ന് നിശ്ചയിക്കുന്ന സമയവായ കമ്മിറ്റി മതിയെന്നുമുള്ള തീരുമാനത്തിൽ വരണാധികാരികൾ മടങ്ങുകയായിരുന്നത്രെ. നിരക്ഷകർ നൽകിയ റിപ്പോർട്ട് പ്രകാരം സാദിഖലി ശിഹാബ് തങ്ങൾ ഭാരവാഹി പ്രഖ്യാപനം നടത്തുകയായിരുന്നു. പിറ്റേദിവസം ‘ചന്ദ്രിക’ ഈ ഭാരവാഹി പട്ടിക പുറത്തുവിടുകയും ചെയ്തു. മുഖ്യഭാരവാഹികളടക്കം കമ്മിറ്റിയിൽ മൃഗീയഭൂരിപക്ഷം ഒരു ജില്ലക്ക് മാത്രമായെന്നും മറ്റ് ജില്ലകൾക്കൊന്നും മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നുമുള്ള മുറുമുറുപ്പുകൾ ഉരുണ്ടുകൂടി അതൃപ്തി പരസ്യമാകാൻ പിന്നെ അധികസമയം വേണ്ടിവന്നില്ല. അതുകൊണ്ട് തന്നെ മറ്റ് മാധ്യമങ്ങൾക്ക് വാർത്ത നൽകൽ ഉൾപ്പടെയുള്ള തുടർ പ്രവർത്തനങ്ങൾ പുതിയ ഭരണസമിതിയിൽ നിന്ന് ഉണ്ടാവാൻ വൈകുകയും ചെയ്തു. സൗദി കെ.എം.സി.സിക്ക് കീഴിൽ ആകെ 38 സെൻട്രൽ കമ്മിറ്റികളാണുള്ളത്. 37 സെൻട്രൽ കമ്മിറ്റികളുടെ ഭാരവാഹി തെരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു. റിയാദ് മാത്രമായിരുന്നു ബാക്കി. അംഗങ്ങളുടെ എണ്ണത്തിൽ 11,000 അംഗങ്ങളുള്ള റിയാദ് ഘടകം സൗദിയിൽ രണ്ടാം സ്ഥാനത്താണ്. ഈ മാസം 24ന് സൗദി നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.