റിയാദ്: മുസ്ലിം പേരുകാരായ എം.പിമാരും മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ആർ.എസ്.എസിന് തീരുമാനമുണ്ടെന്ന് എ.എം. ആരിഫ് എം.പി റിയാദിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അവരുടെ ദേശീയ സമ്മേളനത്തിലെടുത്ത തീരുമാനമാണിത്.
ആ ലിസ്റ്റിലുള്ള ഒരാളാണ് താനെന്നും അതുകൊണ്ടാണ് തെൻറ പ്രസ്താവനകളും പ്രസംഗശകലങ്ങളും അവരുടെ വർഗീയ താൽപര്യങ്ങൾക്ക് അനുസരിച്ച് മുറിച്ചെടുത്ത് തെറ്റിദ്ധാരണയുണ്ടാക്കുംവിധം പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അതിൽ പേടിക്കാനൊരുക്കമല്ല. ചങ്കുറപ്പോടെ അത്തരം നീക്കങ്ങൾക്കെതിരെ നിലകൊള്ളാൻ തന്നെയാണ് തീരുമാനം. എത്ര തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും പ്രബുദ്ധരായ കേരള ജനത അതിലൊന്നും വീഴാനും പോകുന്നില്ല -അദ്ദേഹം വ്യക്തമാക്കി.
റിയാദ് കരുനാഗപ്പള്ളി കൂട്ടായ്മയായ ‘മൈത്രി’യുടെ 18ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനാണ് എ.എം. ആരിഫ് എം.പി റിയാദിലെത്തിയത്. കേരളീയം ഒരു ധൂർത്തെല്ലന്ന് ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താനുള്ള ഏറ്റവും മികച്ച അവസരമൊരുക്കുകയായിരുന്നു കേരളീയത്തിലൂടെ. അതൊരു ദീർഘകാല പദ്ധതിയായി തുടരും.
സംസ്ഥാനത്തിന് കടമുണ്ടെന്നും ലോകത്ത് യുദ്ധം നടക്കുകയാണെന്നും പറഞ്ഞാൽ, എല്ലാം പ്രശ്നങ്ങളും തീർന്നിട്ട് കേരളത്തെ മാർക്കറ്റ് ചെയ്യാം എന്ന് കരുതിയാൽ നടക്കില്ല. ഒന്നും ഒന്നിന് വേണ്ടിയും മാറ്റിവെക്കാനാകില്ല. എല്ലാം അതിേൻറതായ സമയത്ത് തന്നെ നടക്കണം. കേരളീയത്തിൽ പങ്കെടുക്കാത്തത് ശരിയായില്ല എന്ന അഭിപ്രായം പ്രതിപക്ഷ കക്ഷികളിൽ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ അഭിപ്രായമാണ് തനിക്ക്. ഫലസ്തീൻ, ഹമാസ് വിഷയങ്ങളിൽ ഇടത് നേതാക്കൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളൊന്നുമില്ല.
സി.പി.എം ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത് ലോക മനഃസാക്ഷിക്കൊത്ത് ചിന്തിക്കുന്നത് കൊണ്ടാണ്. അമേരിക്കയിൽ പോലും ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമായ രീതിയിലാണ് നടക്കുന്നത്. ലോകത്തെല്ലാം ഫലസ്തീനിലെ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം അലയടിക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടാവുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രതിരോധിക്കാനുള്ള മാർഗം നോക്കുമെന്ന കാര്യത്തിൽ സംശയമില്ല. ആലപ്പുഴയിൽ തുടർന്ന് മത്സരിക്കുമോ ഇല്ലയോ എന്ന് താനല്ല തീരുമാനിക്കുന്നതെന്നും പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കനൽ ഒരു തരി മാത്രമല്ല, അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരുപാട് കനലുകൾ ആളിപ്പടരുമെന്നും ഇടതുപക്ഷം വൻ വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ‘മൈത്രി’ ഭാരവാഹികളായ ഷംനാദ് കരുനാഗപ്പള്ളി, ശിഹാബ് കൊട്ടുകാട്, റഹ്മാൻ മുനമ്പത്ത്, സാദിഖ്, നിസാർ പള്ളിക്കശേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.