റിയാദ്: സൗദിയിൽ ടൂറിസ്റ്റുകൾക്ക് മികച്ച അനുഭവം നൽകുന്നതിന് സ്മാർട്ട് ഗൈഡായി ‘സാറ’ റോബോട്ടും. സൗദി ടൂറിസം അതോറിറ്റി ട്രയൽ പതിപ്പ് പുറത്തിറക്കി. എ.ഐ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റ് (ഡബ്ല്യു.ടി.എം) പ്രദർശന പരിപാടിയിൽ ‘സ്പിരിറ്റ് ഓഫ് സൗദി അറേബ്യ’ പവിലിയനിലാണ് ‘സാറ’യെ പ്രദർശിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, സൈറ്റുകൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള സമ്പന്നമായ വിവരങ്ങളും രസകരമായ കഥകളും സന്ദർശകരുമായി ആശയവിനിമയം നടത്തി ശ്രദ്ധ പിടിച്ചുപറ്റി.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനത്താൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് മോഡലിന് ചോദ്യങ്ങൾ കേട്ട് മറുപടി നൽകാനും ആവശ്യങ്ങൾ മനസ്സിലാക്കാനും വിവരങ്ങളും നിർദേശങ്ങളും പകരാനും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് ഒഴുക്കോടെയും സുഗമമായും യാഥാർഥ്യബോധത്തോടെയും സംവദിക്കാനും സംസാരിക്കാനും കഴിയും.
വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് യാത്രക്കാരന് ആവശ്യമായ എല്ലാ വിവരങ്ങൾ നൽകാനും ചരിത്ര സ്മാരകങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനും സൗദിക്ക് ചുറ്റുമുള്ള സാംസ്കാരിക വൈവിധ്യങ്ങൾ പ്രത്യേകിച്ച് അന്തർദേശീയ സംഭവങ്ങൾ എന്നിവയെക്കുറിച്ച് വിപുലമായ അറിവുള്ളതുമായ ഒരു സൗദി പെൺകുട്ടിയായാണ് ‘സാറ’യെ അവതരിപ്പിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മേഖലയിലെ പുരോഗതിക്കൊപ്പം ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചും സൗദി ടൂറിസം അതോറിറ്റിയുടെ ഡിജിറ്റൽ ടൂറിസത്തിലുള്ള താൽപര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ് സാറയെ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.