റിയാദ്: ഗസ്സയിലെയും ചുറ്റുപാടുകളിലെയും മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനായി ഫലസ്തീൻ ജനതക്ക് പ്രതിമാസ സാമ്പത്തികസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. ഫലസ്തീനിലെ സഹോദരങ്ങളോടുള്ള സ്നേഹവും കടമയും ഒപ്പം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപറത്തിയുള്ള ഇസ്രായേലിന്റെ ക്രൂര ചെയ്തികൾ മൂലം ആ ജനതക്കുണ്ടായ കഷ്ടപ്പാടുകളും ആഘാതങ്ങളും ലഘൂകരിക്കുക എന്ന ലക്ഷ്യവുമാണ് ഇതിനു തങ്ങളെ പ്രേരിപ്പിക്കുന്നതെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.
സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അന്താരാഷ്ട്ര സമൂഹത്തിലെ അംഗങ്ങളുമായി ആശയവിനിമയം നടത്താനും സാധാരണക്കാരെ സംരക്ഷിക്കാനും കൂടുതൽ മാനുഷിക സഹായം നൽകാനും നടത്തുന്ന പരിശ്രമം തുടരുമെന്ന് ആവർത്തിക്കുന്നു. ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കണ്ടെത്താനുള്ള സൗദി ഭരണകൂടത്തിന്റെ താൽപര്യം ആവർത്തിച്ച് വെളിപ്പെടുത്തുന്നു. ഫലസ്തീൻ ജനതക്ക് അവരുടെ എല്ലാ നിയമാനുസൃത അവകാശങ്ങളും നേടാനും കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും പ്രാപ്തരാക്കാനുമുള്ള പിന്തുണയാണിതെന്നും സൗദി പറഞ്ഞു.
ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിന് 530 കോടി ഡോളറിലധികം വരുന്ന, മാനുഷിക, ദുരിതാശ്വാസ, വികസന സഹായങ്ങൾ നേരത്തേ നൽകിയിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ പിന്തുണ. മുഖ്യപരിഗണനയായ ഫലസ്തീനിയൻ വിഷയത്തിലാണ് തങ്ങൾ കൂടുതൽ ശ്രദ്ധചെലുത്തുന്നത്. തുടക്കം മുതൽ ഗസ്സയിൽ നിലവിലുള്ള പ്രതിസന്ധി നിയന്ത്രിക്കാനും പരിഹരിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കാനായി അസാധാരണ സംയുക്ത അറബ്-ഇസ്ലാമിക് ഉച്ചകോടി നിയോഗിച്ച മന്ത്രിതല സമിതിയുടെ അധ്യക്ഷസ്ഥാനം വഹിച്ചുകൊണ്ട് ഈ പ്രതിസന്ധിയിൽ അറബ്, ഇസ്ലാമിക നിലപാട് ഏകീകരിക്കാൻ സൗദിക്ക് കഴിഞ്ഞതായും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.