റിയാദ്: സുഡാനിൽനിന്ന് ജിദ്ദയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കമുള്ള ഇറാനിയൻ പൗരന്മാർക്ക് ഊഷ്മള സ്വീകരണം നൽകി സൗദി അറേബ്യ. പടിഞ്ഞാറൻ മേഖല സായുധസേന കമാൻഡർ മേജർ ജനറൽ അഹ്മദ് അൽ ദുബൈസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഖർത്തൂമിൽനിന്ന് ഞായറാഴ്ച ജിദ്ദയിലെത്തിയ ഇറാനിയൻ പൗരന്മാരെ ആലിംഗനം ചെയ്ത് സ്വീകരിച്ചത്. ‘നിങ്ങൾ ഞങ്ങളുടെ അയൽക്കാർ മാത്രമല്ല; സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമാണ്. സൗദി അറേബ്യയിൽ നിങ്ങൾക്ക് സുഖപ്രദവും സന്തോഷകരവുമായ താമസം ഞങ്ങൾ ആശംസിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇറാനികളെ സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഔദ്യോഗിക ടെലിവിഷൻ ചാനലായ അൽ അഖ്ബാരിയ സംപ്രേഷണം ചെയ്തത്. ഇറാൻ പൗരന്മാരെ പരിപാലിക്കാനും ആവശ്യമായ എല്ലാ പരിചരണവും നൽകാനുമുള്ള സൗദി ഭരണകൂടത്തിന്റെയും പ്രതിരോധ മന്ത്രിയുടെയും നിർദേശങ്ങൾക്ക് അനുസൃതമാണ് സ്വീകരണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
‘‘ഇത് നിങ്ങളുടെ രാജ്യമാണ്. ഭാവിയിൽ നിങ്ങൾക്ക് ഏത് ആവശ്യത്തിനും ഈ രാജ്യത്തേക്ക് വരാം. ഇറാനികളും സൗദികളും സുഹൃത്തുക്കൾ മാത്രമല്ല, സഹോദരങ്ങളുമാണ്. ഹജ്ജ്, ഉംറ അല്ലെങ്കിൽ സന്ദർശനം എന്നിവക്കായി ഏത് സമയത്തും നമുക്ക് പരസ്പരം കാണാനാകും. ദൈവം അനുവദിച്ചാൽ സൗദി അറേബ്യയുടെ ഏത് ഭാഗത്തേക്കും നിങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു’’ -സുഡാനിൽനിന്ന് ജിദ്ദ ഇസ്ലാമിക് പോർട്ടിൽ എത്തിയ ഇറാനിയൻ പൗരന്മാരെ അഭിസംബോധന ചെയ്ത് അൽ ദുബൈസ് പറയുന്ന, ‘അൽ അറബിയ’ ചാനൽ സംപ്രേഷണം ചെയ്ത ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
സുഡാനിൽനിന്ന് സൗദി കപ്പലായ ‘അമാന’യിൽ ജിദ്ദയിൽ എത്തിയ ഇറാൻ സംഘത്തിലുണ്ടായിരുന്ന നയതന്ത്ര ഉദ്യോഗസ്ഥൻ ഹസൻ സർനേഗർ അബർഗൗയി സുഡാനിൽനിന്ന് ഇറാനികളെ ഒഴിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞു. സൗദി അറേബ്യ ഇതുവരെ 65 ഇറാനിയൻ പൗരന്മാരെയാണ് സുഡാനിൽനിന്ന് ഒഴിപ്പിച്ച് ജിദ്ദയിലെത്തിച്ചത്. ഇക്കാര്യത്തിൽ സൗദി വഹിച്ച പങ്കിനെ ഇറാൻ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. ‘‘സുഡാനിൽ അശാന്തി പൊട്ടിപ്പുറപ്പെട്ടതു മുതൽ ആ രാജ്യത്ത് താമസിക്കുന്ന 65 ഇറാനികളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ആശയവിനിമയത്തിലായിരുന്നു. അവരുടെ ഒഴിപ്പിക്കൽ ഞങ്ങൾ ഗൗരവമായി അജണ്ടയിൽ ഉൾപ്പെടുത്തിയപ്പോൾ സൗദി അറേബ്യ ആവശ്യമായ ക്രമീകരണങ്ങൾ നടത്തി.
നമ്മുടെ പൗരന്മാരെ സുരക്ഷിതമായി ഖർത്തൂമിലെ തുറമുഖത്തേക്ക് മാറ്റുകയും തുടർന്ന് കപ്പൽ മാർഗം ജിദ്ദയിലെത്തിക്കുകയും ചെയ്തു. സൗദിയുടെ സഹകരണവും തദടിസ്ഥാനത്തിലുള്ള പ്രവർത്തനവും തീർച്ചയായും അഭിനന്ദനാർഹമാണ്. സൗദി നൽകിയ സഹായത്തിന് നന്ദിയുണ്ട്’’ -ഇറാൻ വിദേശകാര്യ വക്താവ് നാസർ കൻആനി വ്യക്തമാക്കി. തങ്ങളുടെ പൗരന്മാരെ സൗദിയിൽനിന്ന് ഇറാനിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.