യാംബു: ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് ഭക്ഷണസാധനങ്ങളുടെ വിതരണം തുടർന്ന് സൗദി അറേബ്യ. ജോർഡനുമായി സഹകരിച്ചാണ് നടപടി. സൗദി പ്രതിരോധ മന്ത്രാലയവുമായി ഏകോപിപ്പിച്ച് കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്. റിലീഫ്) ആണ് ദുരിതാശ്വാസ വിമാനങ്ങൾ അയച്ചത്. ഗുണനിലവാരമുള്ള ഭക്ഷണ സാധങ്ങളും മറ്റു അവശ്യവസ്തുക്കളുമാണ് വിതരണം തുടരുന്നത്.
ഫലസ്തീനികൾക്ക് അവ എത്തിക്കുന്നതിനായി സൗദിയുടെ രണ്ട് ദുരിതാശ്വാസ വിമാനങ്ങളാണ് തിങ്കളാഴ്ച ജോർഡനിൽ ഇറങ്ങിയത്. ഇസ്രായേൽ അധിനിവേശ സേന ഫലസ്തീനിലേക്കുള്ള അതിർത്തികൾ അടച്ചതുമൂലമുണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ജോർഡൻ സായുധസേനയുടെ സഹകരണത്തോടെ ദുരിതാശ്വാസ പദ്ധതിക്ക് വഴി തുറന്നത്.
പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ ഫലസ്തീനികൾക്കൊപ്പം ഉറച്ചുനിന്ന സൗദിയുടെ നിരവധി സാമ്പത്തിക, ജീവകാരുണ്യ സഹായങ്ങൾ ആഗോള തലത്തിൽ തന്നെ ഇതിനകം ഏറെ ശ്രദ്ധേയമായതാണ്. അതേസമയം ദുരിതാശ്വാസ സാധനങ്ങൾ റഫയിൽ ഇസ്രായേൽ തടയുന്ന അവസ്ഥ തുടരുന്നതായാണ് റിപ്പോർട്ടുകളുള്ളത്.
ജീവകാര്യണ്യ സംവിധാനങ്ങളുടെ പരിരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ നടത്തുന്ന ഇസ്രായേലിനെതിരെ ഇതിനകം ലോക രാഷ്ട്രങ്ങളുടെ പ്രതിഷേധവും ഇപ്പോൾ കൂടുതൽ ശക്തമായിരിക്കുകയാണ്.
നീണ്ടകാലമായി തുടരുന്ന യുദ്ധത്തിന്റെ ഇരകളായി മാറിയ സാധാരണക്കാർക്ക് സാന്ത്വനം പകരാനുള്ള നീക്കങ്ങൾക്കെതിരെ നടക്കുന്ന ശ്രമങ്ങൾക്കെതിരെ വിവിധ രാഷ്ട്രങ്ങളിലെ നായകന്മാർ അപലപിച്ചിട്ടുണ്ട്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ അനിവാര്യമാണ്.
സാധാരണക്കാരെയും സന്നദ്ധ സംഘടനകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള നടപടികളിൽനിന്ന് ഇസ്രായേൽ പിന്മാറണമെന്ന് സൗദി അടക്കമുള്ള രാഷ്ട്രങ്ങൾ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗസ്സയിലേക്ക് തടസ്സം കൂടാതെ സഹായം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ അടിയന്തര നടപടി വേണ്ടതുണ്ടെന്നും യു.എൻ അടക്കമുള്ള സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്.
ഫലസ്തീൻ ഇസ്രായേൽ അധിനിവേശ സേന തുടരുന്ന ആക്രമണങ്ങൾക്ക് വിരാമമിടാൻ സൗഹൃദ രാജ്യങ്ങളോട് ഒരുമിച്ചുനിൽക്കാൻ സൗദി വിദേശ കാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവർത്തിച്ച് ആഹ്വാനം ചെയ്തതും പ്രതീക്ഷ നൽകുന്നതാണ്. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള അറബ്-ഇസ്ലാമിക ലോകത്തിന്റെ ശ്രമങ്ങൾ ശക്തമാകുന്നതിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ലോക സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.