റിയാദ്: ഏകാധിപത്യ ഭരണത്തെ നിഷ്കാസനം ചെയ്ത് പ്രതിപക്ഷ മുന്നേറ്റം നടന്ന സിറിയയിലെ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതായി സൗദി അറേബ്യ. സിറിയൻ ജനതയുടെ സുരക്ഷ ഉറപ്പാക്കാനും രക്തച്ചൊരിച്ചിൽ തടയാനും സിറിയൻ ഭരണസംവിധാനം സ്വീകരിച്ച ക്രിയാത്മക നടപടികളിൽ സംതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സിറിയയുടെ ചരിത്രത്തിലെ ഈ നിർണായക ഘട്ടത്തിൽ അവിടത്തെ ജനതക്കും അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അരാജകത്വത്തിലേക്കും വിഭജനത്തിലേക്കും വഴുതിവീഴുന്നതിൽനിന്ന് സംരക്ഷിക്കുന്നതരത്തിൽ സിറിയയുടെയും ജനങ്ങളുടെയും ഐക്യം സംരക്ഷിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിറിയയുടെ പരമാധികാരവും സ്വാതന്ത്ര്യവും പ്രദേശിക സമഗ്രതയും സംരക്ഷിക്കുന്ന വിധത്തിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്ന എല്ലാത്തിനും സൗദി പിന്തുണ ഉറപ്പുനൽകുന്നു. ജനതക്കൊപ്പം നിൽക്കാനും അവരുടെ അഭിലാഷങ്ങൾ നേടിയെടുക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കാനും എല്ലാ കാര്യങ്ങളിലും അവരുമായി സഹകരിക്കാനും അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നു.
ലക്ഷക്കണക്കിന് നിരപരാധികളും ദശലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ടവരും കൊല്ലപ്പെടുകയും സിറിയൻ ജനതയുടെ മേൽ വിദേശ അജണ്ടകൾ അടിച്ചേൽപ്പിക്കാൻ വിദേശ മിലിഷ്യകൾ രാജ്യത്തുടനീളം വ്യാപിക്കുകയും ചെയ്ത് നിരവധി വർഷങ്ങളായി ആ ജനത അനുഭവിച്ച ദുരന്തങ്ങളെ അതിജീവിക്കാൻ സഹായിക്കുന്നതിന് ഈ ഘട്ടത്തിൽ സിറിയയെ പിന്തുണക്കൽ വളരെ പ്രധാനമാണ്.
സിറിയൻ ജനതക്ക് അവർ അർഹിക്കുന്ന മാന്യമായ ജീവിതം ആസ്വദിക്കാനുള്ള സമയമാണിത്. സുരക്ഷിതത്വത്തിന്റെയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും ഭാവി രൂപപ്പെടുത്തുന്നതിനും രാഷ്ട്രത്തിന്റെ സ്വാഭാവിക നിലയിലേക്ക് മടങ്ങുന്നതിനും സമയം അതിക്രമിച്ചെങ്കിലും അത് സാധ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യേണ്ട സമയവുമാണിത്.
സിറിയൻ ജനതക്കൊപ്പം നിലകൊള്ളുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് വ്യക്തമാക്കി. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക അഖണ്ഡത എന്നിവ കാത്തുസൂക്ഷിക്കുന്ന സുരക്ഷ, സ്ഥിരത, അന്തസ്സ് എന്നിവക്കായുള്ള അവരുടെ അഭിലാഷങ്ങൾ നേടിയെടുക്കുന്ന എല്ലാ കാര്യങ്ങളിലും സിറിയൻ ജനതക്കൊപ്പം നിലകൊള്ളുമെന്ന് മുസ്ലിം വേൾഡ് ലീഗ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.