റിയാദ്: ബയോളജിക്കൽ, ഫാർമസ്യൂട്ടിക്കൽ ശാസ്ത്ര മേഖലയിലെ ഒരു പ്രധാന കേന്ദ്രമാണ് സൗദി അറേബ്യയെന്ന് ആസൂത്രണ വികസന ആരോഗ്യ ഡെപ്യൂട്ടി മന്ത്രി എൻജി. അബ്ദുൽ അസീസ് അൽ റുമൈഹ് പറഞ്ഞു. റിയാദിൽ ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ നിക്ഷേപം 33 ശതകോടി ഡോളറിലെത്തി. രാജ്യം നിരവധി നിക്ഷേപകരെ ആകർഷിക്കുന്നുണ്ടെന്നും ഫാർമസ്യൂട്ടിക്കൽ സാമഗ്രികളുടെ കാര്യത്തിൽ വലിയ സാധ്യതയുണ്ടെന്നും ആരോഗ്യ ഉപമന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയിലെ പരിവർത്തനത്തെ വളരെയധികം ചെലവഴിച്ചും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് വഴിയും രാജ്യം പിന്തുണക്കുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികളെയും ലബോറട്ടറികളെയും ഫാർമസ്യൂട്ടിക്കൽ മേഖലയിൽ പരിവർത്തിപ്പിക്കാൻ സൗദിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ മേഖലയിൽ രാജ്യത്തിന്റെ പുരോഗതിക്കും മത്സരത്തിനും അനുസൃതമായി വ്യക്തമായ കാഴ്ചപ്പാട് കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഫാർമസിയിലും അതിന്റെ ശാസ്ത്രമേഖലയിലും 10 പുതിയ ലബോറട്ടറികളുടെ വികസനം ആരോഗ്യ ഉപമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഗവേഷകർക്കും നിർമാതാക്കൾക്കും വഴിയൊരുക്കുകയും നൂതന എൻജിനീയറിങ്, സുരക്ഷ, മരുന്നുകളുടെ പ്രയോജനം എന്നിവയെ പിന്തുണക്കുകയും ചെയ്യുന്നതായി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി സി.ഇ.ഒ ഡോ. ഹിഷാം അൽ ജദായി പറഞ്ഞു. ‘വിഷൻ 2030’ ആരംഭിച്ചതിന് ശേഷം പ്രാദേശികമായി ഫാർമസ്യൂട്ടിക്കൽ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചു. ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളുടെ എണ്ണം 36ൽ നിന്ന് 56 ആയി ഉയർന്നതായും സി.ഇ.ഒ പറഞ്ഞു. ലോകമെമ്പാടുമുള്ള മരുന്ന് വ്യവസായ മേഖലകളിൽ വൈദഗ്ദ്ധ്യം നേടിയവരുടെ ഗ്ലോബൽ ഫാർമസ്യൂട്ടിക്കൽ എക്സിബിഷൻ തിങ്കളാഴ്ചയാണ് റിയാദിൽ ആരംഭിച്ചത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ റോഷൻ ഫ്രന്റിലുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം ഡിസംബർ 12 വരെ തുടരും. 100ലധികം രാജ്യങ്ങളിൽനിന്നുള്ള 400ലധികം പ്രദർശകരും പ്രാദേശിക, അന്തർദേശീയ ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ഏറ്റവും പ്രമുഖരായ 150ലധികം പ്രഭാഷകരും പങ്കെടുക്കുന്നു. ആദ്യ ദിവസം ഫാർമസ്യൂട്ടിക്കൽ മേഖലയിൽ 100 കോടി റിയാലിന്റെ കരാറുകളിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.