ജിദ്ദ: ഇന്ത്യയിലെ വിവിധ സ്വകാര്യ യൂനിവേഴ്സിറ്റികളിലെ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഓൺലൈൻ കോഴ്സുകൾക്ക് നേരിട്ട് പ്രവേശനം നേടാനും പ്രവാസികൾക്കും അവരുടെ മക്കൾക്കും സഹായവുമായി ഡിജിറ്റൽ ലേണിങ് സ്പേസ് (ഡി.എൽ.എസ്) എന്ന സ്ഥാപനം ജിദ്ദയിൽ പ്രവർത്തനം ആരംഭിച്ചതായി സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പല കാരണങ്ങളാൽ ഡിഗ്രിയും പി.ജിയും പൂർത്തീകരിക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് അവരുടെ ജോലിയോടൊപ്പം തന്നെ അതിനുള്ള അവസരമാണ് ഡി.എൽ.എസ് എന്ന സ്ഥാപനം ഒരുക്കുന്നത്. സൗദിയിൽ നിന്നും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞാൽ ഉപരിപഠനത്തിനായി കുട്ടികളെ നാട്ടിലയക്കാൻ മടിക്കുന്ന രക്ഷിതാക്കൾക്കും അവരുടെ മക്കൾക്ക് ഈ സ്ഥാപനം വഴി ഉന്നതപഠനത്തിനായി ഓൺലൈൻ കോഴ്സിൽ അഡ്മിഷൻ എടുക്കാം.
ഇന്ത്യയിലെ മികച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ വിവിധ കോഴ്സ് വിവരങ്ങൾ, ഫീസ്, അഡ്മിഷൻ തുടങ്ങിയ സേവനങ്ങൾ ഡി.എൽ.എസ് വഴി പഠിതാക്കൾക്കായി ചെയ്തുകൊടുക്കും. ജിദ്ദ റമാദ ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ലോഞ്ചിങ് വാൻഗാർഡ് അറേബ്യയുടെ സർക്കാർ റിലേഷൻസ് മാനേജർ അഹമദ് മുഹമ്മദ് അബ്ദുല്ല അൽ ദിബാഷി നിർവഹിച്ചു.
ഡി.എൽ.എസ് കരിയർ കൺസൾട്ടന്റ് എം. അമൽ സ്ഥാപനത്തിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബി.എ, ബി.കോം, എം.എ, എം.കോം, ബി.ബി.എ, ബി.സി.എ, എം.ബി.എ തുടങ്ങിയ കോഴ്സുകൾ പഠിതാക്കളുടെ അഭിരുചിക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും നല്ല യൂനിവേഴ്സിറ്റികളിൽ പ്രവേശനത്തിന് വേണ്ട സഹായങ്ങൾ ചെയ്ത് കൊടുക്കുമെന്ന് സി.ഇ.ഒ ഫഈസ് മുഷ്താഖ് പറഞ്ഞു. ഇത്തരം കോഴ്സുകൾക്ക് സൗദിയിൽ നിന്ന് തന്നെ ഓൺലൈനായി പഠിക്കാനും, പരീക്ഷ എഴുതാനും സാധിക്കും. അതിന് വേണ്ട സഹായങ്ങളും ഗൈഡൻസുമാണ് ഡി.എൽ.എസ് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അയ്യൂബ് മാസ്റ്റർ സ്വാഗതവും ഗസൻഫർ സക്കി നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫറ, മവാരിദ് സ്കൂൾ പ്രിൻസിപ്പൽ അബ്ദുസമദ്, ഇന്ത്യൻ സ്കൂൾ അധ്യാപകരായ മരിയ ദാസ്, ഹരികൃഷ്ണൻ, ലൈല ടീച്ചർ, സക്കീർ ഹുസൈൻ എടവണ്ണ, ശിബു തിരുവനന്തപുരം, മീഡിയ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.