റിയാദ്: വേൾഡ് ബോക്സിങ് കൗൺസിലിന്റെ ‘മാൻ ഓഫ് ദി ഇയർ’ അവാർഡ് സൗദി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖിന് സമ്മാനിച്ചു. ആഗോള തലത്തിൽ ബോക്സിങ്ങിന്റെ വികസനത്തിനും വ്യാപനത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് ജർമൻ നഗരമായ ഹാംബർഗിൽ തിങ്കളാഴ്ച വൈകീട്ട് നടന്ന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.
ഈ അന്താരാഷ്ട്ര പുരസ്കാരം കിരീടാവകാശിയായ അമീർ മുഹമ്മദ് ബിൻ സൽമാന് സമർപ്പിക്കുന്നുവെന്ന് ആലുശൈഖ് പറഞ്ഞു. ഈ ആദ്യ നേട്ടം കൈവരിക്കുന്നതിൽ ഞങ്ങളുടെ ആദ്യത്തെ പ്രചോദനവും പിന്തുണയും കിരീടാവകാശിയാണെന്നും ആലുശൈഖ് പറഞ്ഞു. ബോക്സിങ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അവാർഡുകളിലൊന്നാണ് വേൾഡ് ബോക്സിങ് കൗൺസിലിന്റെ ‘മാൻ ഓഫ് ദി ഇയർ’ അവാർഡ്.
ചരിത്രത്തിലുടനീളം നിരവധി പ്രമുഖ വ്യക്തികൾ അത് സ്വന്തമാക്കിയിട്ടുണ്ട്. ബഹുമതി ലഭിച്ചവരിൽ മുൻ ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് നെൽസൺ മണ്ടേല, മുൻ അമേരിക്കൻ പ്രസിഡൻറ് റൊണാൾഡ് റീഗൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവർ ഉൾപ്പെടുന്നു. മെക്സിക്കോ സിറ്റി ആസ്ഥാനമായി 1963ൽ സ്ഥാപിതമായ വേൾഡ് ബോക്സിങ് കൗൺസിൽ ലോകത്തിലെ പ്രഫഷനൽ ബോക്സിങ് നിയന്ത്രിക്കുന്ന ഏറ്റവും പ്രമുഖ സ്ഥാപനമാണ്.
ബോക്സിങ് രംഗത്തെ പരമോന്നതര അവാർഡായ ഗ്രീൻ ബെൽറ്റ് സമ്മാനിക്കാൻ അധികാരമുള്ള കൗൺസിലാണ് ബോക്സിങ്ങിനായി ആഗോള നിലവാരം നിശ്ചയിക്കുന്നതും സുരക്ഷാ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതും ലോക ചാമ്പ്യൻഷിപ്പ് പോരാട്ടങ്ങൾ സംഘടിപ്പിക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.