റിയാദ്: ലബനാനിലെ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ‘റിലീഫ് എയർ ബ്രിഡ്ജ്’ തുറന്ന് സൗദി അറേബ്യ. സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾക്ക് അനുസൃതമായി, കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്. റിലീഫ്) ആണ് തുടർച്ചയായി സഹായമെത്തിക്കാൻ എയർ ബ്രിഡ്ജ് ആരംഭിച്ചത്.
റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് ബെയ്റൂട്ട് ഇന്റർനാഷനൽ എയർപോർട്ടിലേക്ക് അവശ്യ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയുമായി ആദ്യ വിമാനം പുറപ്പെട്ടു. ബൈയ്റൂത്തിലെ റഫീഖ് ഹരീരി വിമാനത്താവളത്തിൽ ഞായറാഴ്ചയെത്തിയ ആദ്യ വിമാനത്തിൽ 40 ടണ്ണിലധികം ദുരിതാശ്വാസ സാമഗ്രികളാണുള്ളത്. അടിയന്തര വൈദ്യ, ഭക്ഷണ സഹായങ്ങൾക്ക് പുറമെ ശൈത്യകാലത്ത് ഉപയോഗിക്കാൻ കഴിയുന്ന തമ്പുകളും അയച്ചതിലുൾപ്പെടും. സൗദിയുടെ സഹായ വിമാനത്തെ രക്ഷാപ്രവർത്തനങ്ങൾക്കായുള്ള ദുരിതാശ്വാസ സംഘവും അനുഗമിക്കുന്നുണ്ട്.
ഈ സംരംഭം രാജ്യത്തിന്റെ മഹത്തായ മാനുഷിക മനോഭാവത്തെയും ആവശ്യമുള്ളവരെ സഹായിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്ന് സൗദി പ്രസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ്. റിലീഫ് സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ റബീഅ് സ്ഥിരീകരിച്ചു.
ഈ സഹായം രാജ്യത്തിന്റെ നിലവിലുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമാണെന്നും ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്കും രാഷ്ട്രങ്ങൾക്കുമുള്ള പിന്തുണ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഈ ദുഷ്കരമായ സമയങ്ങളിൽ ലെബനീസ് ജനതയ്ക്ക് അചഞ്ചലമായ പിന്തുണ നൽകിയതിന് ഡോ. അൽ റബീഅ് സൽമാൻ രാജാവിനോടും കിരീടാവകാശിയോടും നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.