റിയാദ്: 2034ലെ ലോകകപ്പ് ഫുട്ബാൾ നടത്താനുള്ള അന്തിമ നാമനിർദേശ രേഖ സൗദി അറേബ്യ ഫിഫ മാനേജ്മെൻറിന് സമർപ്പിച്ചപ്പോൾ കോ(ഗോ)ളടിച്ചത് സ്വാലിഹ് ഹുസാമും അബീർ അബ്ദുല്ലയും. പാരിസിൽ നടന്ന നാമനിർദേശ രേഖ കൈമാറ്റ ചടങ്ങിൽ പങ്കാളികളാകാൻ സൗദി ഫുട്ബാൾ ഫെഡറേഷന് കീഴിൽ പിരിശീലനം നടത്തുന്ന ഈ കുട്ടികൾക്ക് അപ്രതീക്ഷിതമായാണ് അവസരം ലഭിച്ചത്. എതിരാളികളെ ഞെട്ടിച്ച് മനോഹരമായൊരു ഗോളടിക്കാൻ കഴിഞ്ഞത് പോലൊരു സേന്താഷത്തിലാണ് ഈ കുട്ടിക്കളിക്കാർ.
കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസലിന്റെയും സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസിർ അൽമസ്ഹലിന്റെയും കൂടെയാണ് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോക്ക് ഫയൽ കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാൻ സൗദി ഫുട്ബാളിന്റെ ഈ ഭാവി വാഗ്ദാനങ്ങൾക്ക് കഴിഞ്ഞത്. 14 കാരനായ സ്വാലിഹിനും 12 വയസ്സുകാരിയായ അബീറിനും അപ്രതീക്ഷിതമായി ലഭിച്ചതാണ് ഈ അവസരം.
തിങ്കളാഴ്ചയാണ് 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായും അന്തിമ ഫയലിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഒപ്പുവെച്ചതായും സൗദി അറേബ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
അന്തിമ ഫയൽ സമർപ്പിക്കുന്ന സംഘത്തിൽ ഭാവി വാഗ്ദാനങ്ങളായ രണ്ട് കുട്ടികൾ കൂടി വേണമെന്ന തീരുമാനം കിരീടാവകാശിയിൽനിന്ന് അപ്രതീക്ഷിതമായുണ്ടായതാണ്. കളിമൈതാനത്ത് മികച്ച പ്രകടനം നടത്തുന്ന ഈ കുട്ടികളിലേക്ക് ഫെഡറേഷന്റെ നോട്ടമെത്തുകയായിരുന്നു. അതോടെ രണ്ടുപേരും ഔദ്യോഗിക പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശേഷം ഫിഫക്ക് സമർപ്പിക്കാനുള്ള ഫയലുമായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടൊപ്പം ഇടത്തും വലത്തുമായി സ്വാലിഹും അബീറും നിൽക്കുന്ന ചിത്രം പുറത്തുവന്നു. മാധ്യമങ്ങളിൽ അത് വലിയ വാർത്തയായി. സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായി. ഇതോടെ കുട്ടികൾ ആരെന്ന ചോദ്യം എങ്ങും നിറഞ്ഞു. വളരെ വേഗം കുട്ടികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുവന്നു.
ജിദ്ദക്കാരനാണ് സ്വാലിഹ് ഹുസാം ഹനാവി. അവൻ മികച്ച ലെഫ്റ്റ് ബാക്ക് കളിക്കാരനാണ്. സൗദി ഫുട്ബാൾ ഫെഡറേഷന്റെ ജിദ്ദ റീജനൽ ട്രെയിനിങ് സെൻറർ ടീമിലാണ് (അൽഇത്തിഹാദ് ക്ലബ്) ഈ 14 കാരൻ കളിക്കുന്നത്. റിയാദുകാരനാണ് അബീർ അബ്ദുല്ല അബാ അൽഖൈൽ. അവൾ ഫെഡറേഷന്റെ റിയാദ് റീജനൽ പരിശീലന കേന്ദ്രത്തിലെ (അൽഇത്തിഹാദ് ക്ലബ്) അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.