യാംബു: ഗസ്സയിലെ ഇസ്രായേൽ ക്രൂരതക്ക് ഒരു വർഷം തികയുേമ്പാൾ ഫലസ്തീൻ ജനതക്ക് എല്ലാവിധ മാനുഷിക സഹായങ്ങളും സാമ്പത്തിക പിന്തുണയും മെഡിക്കൽ സേവനവും എത്തിക്കുന്നത് ശക്തമാക്കി സൗദി അറേബ്യ.
ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ ഇതുവരെ നേരിട്ട് 18.5കോടി ഡോളർ സഹായം നൽകിയതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ യു.എൻ ജനറൽ അസംബ്ലിയിൽ കഴിഞ്ഞ ദിവസം പറഞ്ഞു.
ഫലസ്തീൻ ജനതയുടെ പുനരധിവാസത്തിനും മാറ്റുമായി മൊത്തം 10,600 കോടി ഡോളർ ആദ്യഘട്ടത്തിൽതന്നെ സമാഹരിക്കാൻ കഴിഞ്ഞതായും സൗദി വിവിധ യു.എൻ ഏജൻസികളുമായി ചേർന്ന് റിലീഫ് പ്രവർത്തനങ്ങൾ തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ.എസ്. റിലീഫ് പുറത്തുവിട്ട കണക്കുപ്രകാരം വർഷങ്ങളായി ഫലസ്തീൻ ജനതക്കായി മൊത്തം 289 പദ്ധതികളിലായി 530 കോടി ഡോളർ രാജ്യം ചെലവഴിച്ചതായി വ്യക്തമാക്കി.
കടൽ, വ്യോമ മാർഗങ്ങളിലൂടെ ഭക്ഷണം, പാർപ്പിടം, ആരോഗ്യം, ലോജിസ്റ്റിക് എന്നീയിനങ്ങളിലായി സഹായമെത്തിക്കാൻ 3.48 കോടി ഡോളർ ചെലവഴിച്ചു. 6,535.5 ടൺ സഹായവസ്തുക്കൾ എത്തിച്ചു.
റോയൽ കോർട്ട് ഉപദേഷ്ടാവും കെ.എസ് റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബിഅ ഫലസ്തീൻ ജനതക്കുള്ള ധനസഹായ സ്വരൂപണത്തിനായി ‘സാഹിം’ (https://sahem.ksrelief.org) എന്ന പോർട്ടൽ വഴി ഒരു ജനകീയ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നു. വലിയ പ്രതികരണമാണ് ജനങ്ങളിൽനിന്നുണ്ടായത്. സംഭാവനകൾ പ്രവഹിച്ചു.
രാജ്യം ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായങ്ങൾ ശക്തമായി തുടരുകയാണെന്നും ആംബുലൻസുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷണസാധനങ്ങൾ, പോഷകാഹാരം, കുട്ടികൾക്കുള്ള വസ്തുക്കൾ എന്നിവയാണ് ഇപ്പോൾ കൂടുതലായി എത്തിക്കുന്നതെന്ന് ഡോ. അബ്ദുല്ല അൽ റബിഅ വ്യക്തമാക്കി.
ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി, വേൾഡ് ഫുഡ് പ്രോഗ്രാം, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, ഇൻറർനാഷനൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് എന്നിവയുൾപ്പെടെ വിവിധ അന്താരാഷ്ട്ര ഏജൻസികളുമായി സൗദി വിവിധ കരാറിൽ ഒപ്പുവെച്ചു.
ദ്വിരാഷ്ട്ര പരിഹാരവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങൾ നടപ്പാക്കുകയല്ലാതെ ഫലസ്തീനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാൻ ഒരു മാർഗവുമില്ലെന്നും ഗസ്സയിലെ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ ഉടൻ നിർത്തണമെന്നും വിവിധ അന്താരാഷ്ട്ര വേദികളിൽ സൗദി ആവർത്തിച്ച് ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.