ജിദ്ദ: മൂന്നുമാസത്തെ ലോക്ഡൗണിന് ശേഷം സൗദി അറേബ്യ സാധാരണനിലയിലേക്ക്. രാജ്യത്തെ നഗരങ്ങളും ചെറുപട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടെ മുഴുവൻ മേഖലകളിലും കർഫ്യൂ പൂർണമായും നീക്കി ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ഞായറാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വരും. കർഫ്യു പിൻവലിക്കുന്നതോടെ എല്ലാ സാമ്പത്തിക, വാണിജ്യ സ്ഥാപനങ്ങളും പൂർണമായും പ്രവർത്തിച്ചു തുടങ്ങും. കോവിഡിനെ നേരിടാൻ മാർച്ച് 23നാണ് രാജ്യത്ത് ആദ്യമായി കർഫ്യൂ ഏർപ്പെടുത്തിയത്.
അത് ഭാഗിക നിരോധനാജ്ഞയായിരുന്നു. പിന്നീട് അത് സമ്പൂർണ കർഫ്യൂ ആക്കി മാറ്റിയിരുന്നു. എന്നാൽ മെയ് 26ന് കർഫ്യൂ ഭാഗികമായി നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിെൻറ തുടർച്ചയായാണ് കർഫ്യൂ സമ്പൂർണമായി നീക്കം ചെയ്തുകൊണ്ടുള്ള പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. സൗദി അറേബ്യയിൽ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന ആരോഗ്യവകുപ്പിെൻറ കീഴിലുള്ള കോവിഡ് സ്ഥിതി വിലയിരുത്തൽ സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കർഫ്യു പിൻവലിക്കാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
കർഫ്യൂ നീക്കം ചെയ്യുന്ന രീതി:
1. ജൂൺ 21 (ഞായറാഴ്ച) മുതൽ രാജ്യത്തെ മുഴുവൻ ഭാഗങ്ങളിലും കർഫ്യൂ പുർണമായും പിൻവലിക്കും. വാണിജ്യ, സാമ്പത്തിക, കച്ചവട സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും. താഴെ പറയുന്ന കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കും പ്രവർത്തിക്കുക.
a. എല്ലാ മേഖലകളിലും അംഗീകൃത രോഗപ്രതിരോധ മുൻകരുതൽ പ്രോേട്ടാകോളുകൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.
b. സമുഹ അകലം പാലിക്കുകയും മുഴുവനാളുകളും മൂക്കും വായയും മൂടുംവിധം മാസ്ക് ധരിക്കുകയും ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തും.
c. കൂടിച്ചേരലുകൾ 50 ആളുകളിൽ കവിയാൻ പാടില്ല.
ഇൗ പറഞ്ഞ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലത്തിെൻറ വിലയിരുത്തലിനും അവലോകനത്തിനും വിധേയമാണ്.
2. ഉംറ, സന്ദർശന യാത്രകൾക്കുള്ള വിലക്ക് തുടരും. ആരോഗ്യ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തീരുമാനം ഇടയ്ക്കിടെ അവലോകനം ചെയ്യും.
3. അന്താരാഷ്ട്ര വിമാന സർവിസുകൾക്കും കര, കടൽ അതിർത്തികളിലുടെയുള്ള യാത്രാഗതാഗതത്തിനുമുള്ള വിലക്ക് തുടരും.
4. കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴ ചുമത്തും.
പൗരന്മാരും രാജ്യത്തുള്ള വിദേശികളും തൊഴിലുടമകളും സ്വന്തം ഉത്തരവാദിത്വം നിർബന്ധമായും മനസിലാക്കി അതനുസരിച്ച് പ്രവർത്തിക്കണം. ആരോഗ്യ സുരക്ഷ നിബന്ധനകളും ബന്ധപ്പെട്ട വകുപ്പുകളുടെ നിർദേശങ്ങളും നിർബന്ധമായും പാലിക്കണം. കോവിഡിനെ നേരിടാനുള്ള മാർഗങ്ങൾ അറിയാനും ആരോഗ്യ നിർദേശങ്ങൾ ലഭിക്കാനും തവക്കൽനാ, തബാഉദ് എന്നീ ആപ്പുകൾ ഡൗൺ ലോഡ് ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.