ജിസാൻ: സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ജിസാനിലെ കടലോരങ്ങൾ ‘ഫ്ലമിംഗോ’ (രാജഹംസം) പക്ഷികളുടെ പറുദീസയായി മാറുന്നു. ആയിരക്കണക്കിന് രാജഹംസങ്ങൾ ഒരേ സമയത്ത് സംഗമിക്കുന്നു എന്നതാണ് ഇവിടുത്തെ പ്രത്യേകത. രാജ്യത്തെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നാണ് ജിസാൻ കടലോരങ്ങളോട് ചേർന്നുള്ള കണ്ടൽക്കാടുകൾ. പക്ഷിക്കാഴ്ച ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമായി അനേകം പേരാണ് ദിനംപ്രതി ഇവിടം സന്ദർശിക്കുന്നത്.
ചൂട് കുറയുന്ന കാലാവസ്ഥയിൽ രാജഹംസങ്ങൾ ഒരുമിച്ചുകൂടുന്ന കാഴ്ചയാണ് മുഖ്യ ആകർഷണം. രാജഹംസങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥയാണ് ജിസാൻ കടലോരപ്രദേശത്തെന്ന് പക്ഷിനിരീക്ഷണ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ചൂട് കുറയുേമ്പാൾ വിവിധ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് പക്ഷികളാണ് ജിസാനിലെ ചതുപ്പുനിലങ്ങളിലേക്ക് വിരുന്നെത്തുന്നത്. ഉഷ്ണകാലത്ത് ഫ്ലമിംഗോകൾ ഇവിടെനിന്ന് കൂടുമാറുന്ന പ്രവണതയുമുണ്ട്.
‘നീർനാര’ എന്ന പേരിലും അറിയപ്പെടുന്ന ഈ പക്ഷികളുടെ ശാസ്ത്രീയനാമം ഫീനികോപ്റ്റെസ് റോസസ് എന്നാണ്. നീണ്ട കാലുകൾ, പിങ്ക് കലർന്ന തൂവലുകൾ, ഉയരമുള്ള കഴുത്ത് എന്നിവയാൽ ഒരു രാജകീയ ചാരുതയാണ് കാഴ്ചയിൽ. തീരങ്ങളിലും ചതുപ്പുനിലങ്ങളിലും കൂട്ടമായെത്തി നീണ്ട കാലുകൾ ഉപയോഗിച്ച് ചെളി ഇളക്കി മറിച്ച് ‘റ’ ആകൃതിയിൽ കഴുത്ത് വളച്ച് വലിയ കൊക്കുകൾ വെള്ളത്തിലാഴ്ത്തി അന്നം തിരയുന്ന കാഴ്ച മനോഹരമാണ്.
ചളിയിലുള്ള ആൽഗകളും ചെറുജീവികളുമാണ് പ്രധാന ഇരകൾ. അന്നം കൊക്കിനകത്താക്കി വെള്ളവും ചളിയും വേർതിരിച്ച് പുറത്തേക്ക് കളയുന്ന അരിപ്പ സംവിധാനം കൊക്കുകളിലുണ്ട്. മറ്റു പക്ഷികളിൽനിന്ന് വ്യത്യസ്തമായി കൊക്കുകളുടെ മുകളറ്റം പ്രത്യേക രീതിയിൽ ചലിപ്പിക്കുവാൻ കഴിവുള്ളതാണ്. കൂട്ടമായി പറന്നുവരുന്നത് മനോഹര കാഴ്ചയാണ്. പ്രഭാത, പ്രദോഷ വേളകളിലാണ് പക്ഷിസംഗമം ഏറ്റവും ഭംഗിയേറുന്നത്. ഈ മനോഹാരിത ഒപ്പിയെടുക്കാൻ വേണ്ടി നിരവധി ഫോട്ടോഗ്രാഫർമാരുമെത്താറുണ്ട്.
സമീപകാലത്തായി അപൂർവ പക്ഷികളുടെ സംഗമകേന്ദ്രങ്ങളായും ജിസാൻ കടലോരങ്ങൾ മാറുന്നുണ്ട്. ഇവിടുത്തെ ഹരിതാഭമായ തുരുത്തുകൾ പറവകൾക്ക് വേണ്ട ആവാസവ്യവസ്ഥയൊരുക്കുന്നു. യമൻ, ഇറാൻ, യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ ദൂരദേശങ്ങളിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ താണ്ടി ധാരാളം ദേശാടന പക്ഷികൾ എത്തുന്നുണ്ട്.
60ലധികം ഇനങ്ങളിലെ ദേശാടനക്കിളികൾ ജിസാൻ കടലോരങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘വിഷൻ 2030’ ലക്ഷ്യങ്ങളിൽപെട്ട പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിനും ജൈവവൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിശാലമായ പ്രതിബദ്ധതയുടെ ഭാഗമായി വിവിധ നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് (എൻ.സി.ഡബ്ല്യു) ഫ്ലമിംഗോ പക്ഷികളെ പോലെയുള്ള ദേശാടനപക്ഷികളെ സംരക്ഷിക്കുന്നതിനും അവക്കാവശ്യമായ ആവാസവ്യവസ്ഥ ക്രമീകരിക്കുന്നതിനും വേണ്ട ശ്രമങ്ങൾ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.