സൗദി കലാസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

സൗദി കലാസംഘം രണ്ടാമത് മെഗാ ഷോ 'ജിദ്ദ ബീറ്റ്‌സ് 2024' സെപ്റ്റംബർ 27ന്

ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാരുടെ കൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) രണ്ടാമത് മെഗാ ഷോ 'ജിദ്ദ ബീറ്റ്‌സ് 2024' എന്നപേരിൽ സെപ്തംബർ 27 ന് വെള്ളിയാഴ്ച ജിദ്ദയിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദ രിഹാബിലുള്ള ലയാലി ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മണി മുതൽ തുടർച്ചയായ എട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന ഷോയിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരൻമാർ വ്യത്യസ്ത കലാപരിപാടികൾ അവതരിപ്പിക്കും. മിഡിൽ ഈസ്റ്റിൽ തന്നെ ആദ്യമായാണ് ഒരു രാജ്യാന്തര കലാകൂട്ടായ്മ ആയികൊണ്ട് സൗദി കലാസംഘം ആറ് വർഷങ്ങൾക്ക് മുമ്പ് രൂപീകരിച്ചതെന്നും രാജ്യത്തെ വിവിധ പ്രവിശ്യകളിലുള്ള കലാകാരന്മാരെ കോർത്തിണക്കി, അവരുടെ കഴിവുകൾ പരിപോഷിപ്പിക്കാനും കലാമേഖലയിൽ വളർത്തിക്കൊണ്ടുവരാനുമുള്ള സദുദ്ദേശത്തിലാണ് കൂട്ടായ്‌മക്ക് രൂപം നൽകിയതെന്നും ഭാരവാഹികൾ അറിയിച്ചു.

എസ്.കെ.എസ് കൂട്ടായ്മയിലുള്ള കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കൂട്ടായ്മ ശ്രമിച്ചുവരുന്നു. നിലവിൽ കൂട്ടായ്മയിൽ 250 ഓളം കലാകാരന്മാർ അംഗങ്ങളായിട്ടുണ്ടെന്നും കൂടുതൽ പേരെ അംഗങ്ങളാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായും ഭാരവാഹികൾ അറിയിച്ചു.

ജിദ്ദയിൽ ആദ്യമായാണ് സൗദിയുടെ വിവിധ പ്രദേശങ്ങളിലുള്ള കലാകാരന്മാർ ഒന്നിക്കുന്ന കലോത്സവം അരങ്ങേറുന്നത്. കൂട്ടായ്മയിലൂടെ കലാമേഖലയിൽ വളർന്നുവന്ന, കലക്ക് മികവുറ്റ സംഭാവനകൾ അർപ്പിച്ച കലാകാരന്മാരെ ചടങ്ങിൽ ആദരിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. 'റിയാദ് ബീറ്റ്സ് 2022' എന്ന പേരിൽ നേരത്തെ റിയാദിൽ നടന്ന സൗദി കലാസംഘത്തിന്റെ പ്രഥമ മെഗാ ഷോ ഏറെ ശ്രദ്ധേയമായിരുന്നു. നടി അൻസിബ പങ്കെടുത്ത ഷോയിൽ ഏകദേശം 90 ഓളം കലാ ഇനങ്ങളാണ് അന്ന് സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടത്.

ജിദ്ദയിൽ നടക്കാനിരിക്കുന്ന മെഗാ ഷോയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ വയനാട് ഉരുൾപൊട്ടലിൽ പ്രയാസപ്പെടുന്നവർക്ക് കൈത്താങ്ങായി സൗദി കലാസംഘത്തിലെ ഓരോ അംഗങ്ങളും പങ്കാളികളാവുക കൂടി ചെയ്യുകയാണ്. 'ജിദ്ദ ബീറ്റ്‌സ് 2024' മെഗാ ഷോയിലൂടെ ലഭിക്കുന്ന സഹായങ്ങൾ ദുരന്തമേഖലയിലുള്ളവർക്കായി സമർപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

വിവിധ ജില്ലകളിലുള്ള വ്യത്യസ്ത കലാകാരന്മാരുടെ മികച്ച കലാപ്രകടനങ്ങൾ കണ്ട് ആസ്വദിക്കാനും സൗദി കലാസംഘത്തിന്റെ കലാകാരന്മാർക്ക് പ്രോത്സാഹനമേകാനും മുഴുവൻ കലാപ്രേമികളോടും അഭ്യർഥിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു. ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് റഹീം ഭരതന്നൂർ, രക്ഷാധികാരികളായ ഹസ്സൻ കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി, സെക്രട്ടറി സോഫിയ സുനിൽ, മീഡിയ കൺവീനർ റാഫി ബീമാപള്ളി എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Saudi Art Ensemble second mega show Jeddah Beats 2024 on September 27

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.