റിയാദ്: 2023 ലെ ബജറ്റ് 1,212 ബില്യൺ റിയാലിന്റെ വരുമാനവും 1,293 ബില്യൺ റിയാലിന്റെ ചെലവും 81 ബില്യൺ റിയാലിന്റെ കമ്മിയും നേടിയതായി സൗദി ധനമന്ത്രാലയം അറിയിച്ചു. എണ്ണ, എണ്ണ ഇതര വരുമാനം വർധിച്ചതിന്റെ ഫലമായി അംഗീകൃത ബജറ്റിനേക്കാൾ 7.3 ശതമാനം വർധനയാണ് വരുമാനത്തിൽ ഉണ്ടായത്. രാജ്യത്തിന്റെ വിവിധ മേഖലകളിലെ പ്രാദേശിക, മേഖല പദ്ധതികൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ തുടങ്ങിയവക്കുള്ള പിന്തുണയും ചെലവുകളും കാരണം ചെലവുകൾ 16 ശതമാനം വർധിച്ചതായും ധനമന്ത്രാലയം പറഞ്ഞു.
ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം 2023 ലെ എണ്ണ വരുമാനം 755 ബില്യൺ റിയാലാണ്. എണ്ണ ഇതര വരുമാനം 458 ബില്യൺ റിയാൽ. ഇത് അംഗീകരിച്ച ബജറ്റിനേക്കാൾ 15.5ശതമാനം വർധനയാണ്. നികുതി വരുമാനം 357 ബില്യൺ റിയാലാണ്. ഏകദേശം 35 ബില്യൺ റിയാലിെൻറ വർധന. അംഗീകരിച്ച ബജറ്റിനേക്കാൾ ഇത് 11 ശതമാനം കൂടുതലാണ്. വരുമാനം, ലാഭം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയുടെ നികുതിയിൽനിന്നുള്ള വരുമാനം ഏകദേശം 39 ബില്യൺ റിയാലാണ്. ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി 262 ബില്യൺ റിയാലാണ്. വ്യാപാരത്തിനും അന്താരാഷ്ട്ര ഇടപാടുകൾക്കുമുള്ള നികുതി (കസ്റ്റംസ് തീരുവ) 22 ബില്യൺ റിയാലാണ്. സകാത്ത് ഉൾപ്പെടെയുള്ള മറ്റ് നികുതികൾ 33 ബില്യൺ റിയാലാണ്. 2023 അവസാനത്തോടെ വായ്പയുടെ അളവ് ഏകദേശം 189 ബില്യൺ റിയാലാണ്. ചില മേഖലകളിലെ ചെലവുകളിലും വർധനവുണ്ടായിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ ചെലവ് 11 ശതമാനം വർധിച്ചു. മുനിസിപ്പൽ സേവനങ്ങൾ 22 ശതമാനവും, ആരോഗ്യം 35 ശതമാനവും, പൊതുഭരണം 29 ശതമാനവും, അടിസ്ഥാന ഉപകരണങ്ങളും ഗതാഗതവും 19 ശതമാനവും വർധനവുണ്ടായിട്ടുണ്ടെന്ന് ധനകാര്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.