ജിദ്ദ: സൗദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിലും അബൂദബിയിലും സിവിലിയൻ മേഖലകളും സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ ആക്രമണങ്ങളെ സൗദി ശക്തമായി അപലപിച്ചു. ഹൂതികളുടെ ഏറ്റവും പുതിയ ആക്രമണം ദഹ്റാൻ അൽജനൂബ് നഗരത്തെയും രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള ജിസാനിലെ വ്യവസായിക മേഖലയെയും ലക്ഷ്യമിട്ടായിരുന്നു.
ആക്രമണത്തിൽ രാജ്യത്ത് താമസിക്കുന്ന ബംഗ്ലാദേശ്, സുഡാൻ പൗരന്മാർക്ക് നേരിയ പരിക്കേറ്റിട്ടുണ്ട്. സൗദി അറേബ്യയും യു.എ.ഇയും ചെങ്കടലിലെ അന്താരാഷ്ട്ര കപ്പൽ പാതകളും ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള ഹൂതികളുടെ എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നതായി സൗദി വ്യക്തമാക്കി. യമനിൽ നാശംവിതച്ച തീവ്രവാദ ശക്തികളാണ് ഇത് നടപ്പാക്കുന്നത്. ഇവർ യമൻജനതയെ കൊന്നൊടുക്കുകയും മേഖലയുടെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു.
ഹൂതികളുടെ ആവർത്തിച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര സമൂഹത്തിനെതിരായ വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകുന്നു. മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും വേണ്ടി ഹൂതികളുടെ പെരുമാറ്റത്തിന്റെ അപകടാവസ്ഥ ഗൗരവത്തോടെയാണ് കാണുന്നത്. ഈ ആക്രമണാത്മക പെരുമാറ്റം അവസാനിപ്പിക്കാൻ അന്താരാഷ്ട്രസമൂഹം പ്രത്യേകിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും സംരക്ഷിക്കുന്ന യു.എൻ സുരക്ഷാകൗൺസിൽ പ്രവർത്തിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയും ഊന്നിപ്പറയുന്നുവെന്നും സൗദി അറേബ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.