സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഖ്​ജിയും കൂടിക്കാഴ്​ച നടത്തുന്നു

സൗദി കിരീടാവകാശി ഇറാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്​ച നടത്തി

റിയാദ്​: മധ്യേഷ്യൻ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനത്തി​െൻറ ഭാഗമായി റിയാദിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഖ്​ജി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ രാഷ്​ട്രീയ, സംഘർഷ സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും പ്രശ്​നപരിഹാരത്തിന്​ നടത്തുന്ന ശ്രമങ്ങളും ഇരുകൂട്ടരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്​തു.

പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മന്ത്രിസഭാംഗവും ദേശീയ സുരക്ഷാ ഉപദേഷ്​ടാവുമായ ഡോ. മുസാഇദ്​ ബിൻ മുഹമ്മദ്​ അൽഅയ്​ബാൻ എന്നിവരും സൗദിയിലെ ഇറാൻ അംബാസഡർ അലി റിദാ ഇനായത്തിയും വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.

സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തിയ ശേഷമാണ്​ കിരീടാവകാശിയുമായുള്ള കൂടിക്കാഴ്​ച നടന്നത്​. കിരീടാവകാശിയുമായുള്ള ചർച്ച ക്രിയാത്മകമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിലും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഉപയോഗപ്രദവും ക്രിയാത്മകവുമായ കൂടിയാലോചനകൾ നടത്തിയതായി അദ്ദേഹം വ്യാഴാഴ്​ച പ്രസ്​താവനയിൽ പറഞ്ഞു.

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആശ്വാസകരമായി നടപടികൾ കൈക്കൊള്ളുന്ന കാര്യത്തിൽ ഇരു രാജ്യങ്ങളുടെയും ശ്രമങ്ങൾ പരാമർശിക്കപ്പെട്ടു. ഗസ്സയിലും ലബനാനിലും ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച്​ നിൽക്കേണ്ടതി​െൻറ പ്രാധാന്യത്തെക്കുറിച്ചും ചർച്ച ചെയ്​തതായി വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു. സൗദി അറേബ്യയുമായുള്ള ബന്ധവും വിവിധ മേഖലകളിൽ സഹകരണവും വിപുലീകരിക്കുന്നതിൽ ഇറാ​െൻറ നിശ്ചയദാർഢ്യവും ഗൗരവവും ഡോ. അബ്ബാസ് അറാഖ്​ജി ഊന്നിപ്പറഞ്ഞു.

News Summary - Saudi Crown Prince meets Iran foreign minister in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.