ജിദ്ദ: തനിമ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റിയുടെ കീഴിൽ ജിദ്ദ, യാംബു, അബഹ, മക്ക തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ള മദ്റസ അധ്യാപകർക്കായി രണ്ടു ദിവസങ്ങളിലായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജിദ്ദ ശറഫിയ ഇമാം അൽ ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല തനിമ കേന്ദ്ര കൂടിയാലോചനാ സമിതിയംഗം എസ്.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.
തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് ഫസൽ കൊച്ചി അധ്യക്ഷത വഹിച്ചു. ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ (ഐ.ഇ.സി) സി.ഇ.ഒ യും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ബദീഉസ്സമാൻ, കൊടുവള്ളി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും കേരള സർക്കാർ ടെക്സ്റ്റ് ബുക്ക് ഡെവലപ്മെൻറ് കൗൺസിൽ അംഗവും കേരള മദ്റസ എഡ്യുക്കേഷൻ ബോർഡ് മുൻ ഡയറക്ടറുമായ ഡോ. സുഷീർ ഹസൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
അധ്യാപനം കേവലം തൊഴിലായോ വിദ്യപകർന്നു നൽകുന്ന ഏർപ്പാടായോ കാണരുതെന്നും ഉന്നതശീലങ്ങൾ പുതുതലമുറക്ക് പകർന്നു കൊടുക്കുന്നതാവണമെന്നും ഇരുവരും ഓർമപ്പെടുത്തി. പരീക്ഷകൾക്കും മാർക്കുകൾക്കുമപ്പുറം പഠിച്ച പാഠങ്ങൾ ജീവിതത്തിൽ പ്രയോഗിക്കാൻ വിദ്യാർഥികൾക്ക് കഴിയണം.
ധാർമികതയിലൂന്നിയ ഒരു നാഗരികതയെ രൂപപ്പെടുത്തുവാനും അതുവഴി നല്ലൊരു ‘ഗ്ലോബൽ സൊസൈറ്റി’യെ വാർത്തെടുക്കുകയുമാണ് അധ്യാപകർ ചെയ്യുന്നത്. ജീവിതത്തിലെപ്പോഴും മറ്റുള്ളവരെ ആദരിക്കാനും പരസ്പരം സ്നേഹിക്കാനും ഓർമപ്പെടുത്താൻ കെൽപ്പുള്ള സംസ്കാരവും പാരമ്പര്യങ്ങളും തലമുറകൾക്ക് പകർന്നു കൊടുക്കുന്ന വിദ്യയാണ് മദ്രസകളിലൂടെ നൽകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കൈകാര്യം ചെയ്യുന്ന ഭാഷയോടുള്ള അധ്യാപകന്റെ അഭിനിവേശം ഒരു പ്രധാന ഘടകമാണെന്ന് മനസ്സിലാക്കുന്നതോടൊപ്പം ലളിതവും, ക്രമപ്രബുദ്ധവുമായുള്ള വളർച്ച ലക്ഷ്യം വെച്ചുള്ള ന്യൂതന രീതിശാസ്ത്രങ്ങളും പിന്തുടരണമെന്നും ഇരുവരും പരിശീലനക്കളരിയിലൂടെ പകർന്നു നൽകി.
പരിശീലകർക്കുള്ള തനിമയുടെ ഉപഹാരം ഫസൽ കൊച്ചി സമ്മാനിച്ചു. പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ. ബദീഉസ്സമാൻ, ഡോ. സുഷീർ ഹസൻ, മുഹമ്മദലി പട്ടാമ്പി, സഫറുള്ള മുല്ലോളി എന്നിവർ വിതരണം ചെയ്തു.
തനിമ പ്രൊവിൻസ് കൂടിയാലോചന സമിതിയംഗം മുഹമ്മദ് അലി പട്ടാമ്പി ശില്പശാലക്ക് നേതൃത്വം നൽകി. കെ.കെ.നിസാർ സ്വാഗതം പറഞ്ഞു. അബ്ദുസുബഹാൻ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.