റിയാദ്: സൗദി അറേബ്യയുടെ അസംസ്കൃത കയറ്റുമതി കഴിഞ്ഞ ഒമ്പതു മാസത്തിനിടെ ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതിദിന കയറ്റുമതി 6.33 ദശലക്ഷം ബാരലായി. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബെർഗ് സമാഹരിച്ച ടാങ്കർ ട്രാക്കിങ് ഡേറ്റ പ്രകാരമാണ് ഈ കണക്ക്. ഉൽപാദനം വെട്ടിക്കുറക്കൽ നടപടി ആരംഭിക്കുന്നതും വിപണിയിൽ വിതരണം മന്ദഗതിയിലാക്കുന്നതും ഈ ഏപ്രിൽ വരെ നീട്ടിവെക്കാൻ ഒപെക് പ്ലസ് സഖ്യം സമ്മതിച്ചതിനുശേഷമാണ് ഈ വർധന.
കഴിഞ്ഞ നവംബറിൽ പ്രതിദിന കയറ്റുമതി 6.16 ദശലക്ഷം ബാരലായിരുന്നത് ഡിസംബറാവുമ്പോഴേക്കും 6.33 ദശലക്ഷം ബാരലായി കുതിച്ചുയരുകയായിരുന്നു. ട്രാക്കിങ് ഏജൻസി കെപ്ളറിൽനിന്നുള്ള പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം എണ്ണ കയറ്റുമതി പ്രതിദിനം 6.06 ദശലക്ഷം ബാരലായിരുന്നു. അതേസമയം വോർടെക്സ കണക്കാക്കിയത് പ്രതിദിനം 6.05 ദശലക്ഷം ബാരലും.
ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഒഴുക്ക് 2024 മാർച്ചിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായി ഡിസംബറിൽ. യു.എ.ഇ ഏപ്രിലിൽ ആരംഭിക്കുന്ന ഒരു ചെറിയ വർധന ക്രമേണ നടപ്പാക്കുന്നതിനൊപ്പം നിലവിലെ ഉൽപാദന ലക്ഷ്യങ്ങൾ 2026 അവസാനം വരെ നീട്ടാൻ ഒപെക് പ്ലസ് എണ്ണ മന്ത്രിമാർ ഡിസംബർ ആദ്യം സമ്മതിച്ചിരുന്നു. സ്വമേധയാ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പാക്കുന്നത് 2026 അവസാനം വരെ നീട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.