ജിദ്ദ: സൗദി അറേബ്യയിൽ നിലനിൽക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ വരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടം ഘട്ടമായി നീക്കം ചെയ്യും.
ഇതനുസരിച്ചു മെയ് 28 വ്യാഴം മുതൽ 30 ശനി വരെ രാവിലെ ആറ് മുതൽ വൈകുന്നേരം മൂന്നു വരെയും മെയ് 31 ഞായർ മുതൽ ജൂൺ 20 ശനിഴാഴ്ച വരെ രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയും മക്ക ഒഴിച്ചുള്ള രാജ്യത്തിൻറെ എല്ലാ പ്രവിശ്യകളിലും സ്വന്തം വാഹനം ഉപയോഗിച്ച് യഥേഷ്ടം യാത്രചെയ്യാം. ഈ സമയങ്ങളിൽ സർക്കാർ സ്വകാര്യ ജീവനക്കാർക്ക് കോവിഡ് മുന്‍കരുതലോടെ ജോലിക്ക് ഹാജരാകാം.
ആരോഗ്യ മന്ത്രാലയം നിഷ്കർഷിച്ച മുൻകരുതലുകൾ പാലിച്ച് രാജ്യത്തെ ആരാധനാലയങ്ങളും മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളും മാളുകളുമെല്ലാം തുറക്കാനുള്ള അനുമതിയായി. മെയ് 31 ഞായറാഴ്ച മുതൽ നിർബന്ധ നമസ്കാരങ്ങൾക്കും ജുമുഅ പ്രാര്‍ത്ഥനക്കും പള്ളികളിൽ അനുമതി നല്‍കി. ജൂൺ അഞ്ചാം തിയതി വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. എന്നാൽ മക്കയിലെ ആരാധനാലയങ്ങളിൽ പ്രാർത്ഥനക്ക് അനുമതി നൽകിയിട്ടില്ല. ശാരീരിക അകലം പാലിക്കാൻ കഴിയാത്ത ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ സ്പോർട്സ് ആൻറ് ഹെൽത്ത് ക്ലബ്ബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ തിയേറ്ററുകൾ എന്നിവക്കുള്ള നിയന്ത്രണങ്ങൾ തുടരും.
ആഭ്യന്തര വിമാന സര്‍വീസുകളും ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാൽ സര്‍വീസുകള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെ ഘട്ടം ഘട്ടമായാരിക്കും ആരംഭിക്കുക. 50 ൽ കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന വിവാഹ പാർട്ടികൾക്കും മരണാന്തര പ്രവർത്തനങ്ങൾക്കുമെല്ലാം അനുമതി നൽകിയിട്ടുണ്ട്. റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. മന്ത്രാലയം നിർദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.