യാംബു: വിവിധ പ്രകൃതിദുരന്തങ്ങളിലും മറ്റു പ്രതിസന്ധികളിലുംപെട്ട് പ്രയാസപ്പെടുന്ന യമനിലെയും സുഡാനിലെയും ജനങ്ങൾക്ക് സൗദി അറേബ്യയുടെ സഹായപ്രവാഹം തുടരുന്നു. സൗദി ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിലാണ് ഭക്ഷണവും പാർപ്പിട സഹായങ്ങളും അടക്കമുള്ളവ വിതരണം ചെയ്യുന്നത്.
യമനിലെ ഷാബ്വ ഗവർണറേറ്റിലെ അർമ, ജർദാൻ ജില്ലകളിലെ നിർധന ആളുകൾക്ക് സൗദി കഴിഞ്ഞ ദിവസം 6,000 ഈത്തപ്പഴപ്പെട്ടികൾ വിതരണം ചെയ്തു.
ഈ സഹായപദ്ധതി 36,000 പേർക്ക് പ്രയോജനപ്പെട്ടതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടാതെ വെള്ളപ്പൊക്കവും മഴയും മൂലം ദുരിതമനുഭവിക്കുന്ന 358 ദുർബല കുടുംബങ്ങളിൽനിന്നുള്ള 2,506 വ്യക്തികളെ സഹായിച്ചുകൊണ്ട്, തായ്സ് ഗവർണറേറ്റിലെ അൽ ഷമയതയ്ൻ ജില്ലയിൽ കെ.എസ്. റിലീഫ് 358 ഭക്ഷണക്കുട്ടകളും വിതരണം ചെയ്തു. തൈസ് ഗവർണറേറ്റിലെ മൗസ ജില്ലയിൽ 370 ഷെൽട്ടർ ബാഗുകളും 100 ടെന്റുകളും നൽകി.
370 കുടുംബങ്ങളിലെ 2,220 വ്യക്തികൾക്ക് ഇവ പ്രയോജനം ലഭിച്ചതായി കെ.എസ്. റിലീഫ് വക്താവ് അറിയിച്ചു. സൗദിയുടെ ‘2024-ലെ ഭക്ഷ്യസുരക്ഷ പിന്തുണ പദ്ധതി’യുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സുഡാനിലെ കസാല സംസ്ഥാനത്തെ ദുർബല കുടുംബങ്ങളിൽപെട്ട 5,307 വ്യക്തികൾക്ക് ഉപകരിക്കുന്ന 940 ഭക്ഷണക്കുട്ടകൾ വിതരണം ചെയ്തു.
2015 മേയ് മാസത്തിൽ കെ.എസ്. റിലീഫ് ആരംഭിച്ചത് മുതൽ 450 പ്രാദേശിക, അന്തർദേശീയ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് 102 രാജ്യങ്ങളിലായി 700 കോടി ഡോളറിലധികം മൂല്യമുള്ള 3,068 പ്രോജക്ടുകളാണ് പൂർത്തിയാക്കിയത്.
കെ.എസ്. റിലീഫ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പ്രയോജനം നേടിയ രാജ്യങ്ങളിൽ യമൻ (440 കോടി ഡോളർ), ഫലസ്തീൻ (4,920 കോടി ഡോളർ), സിറിയ (4,410 ലക്ഷം ഡോളർ), സൊമാലിയ (2,280 ലക്ഷം ഡോളർ) എന്നിവയാണ് മുന്നിലുള്ളത്. മറ്റ് രാജ്യങ്ങൾക്ക് വേണ്ടി 4,410 ലക്ഷം ഡോളറും ഇതിനകം സൗദി ചെലവഴിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഭക്ഷ്യസുരക്ഷ, പുനരധിവാസം, ശുദ്ധജല വിതരണം, ആരോഗ്യമേഖലയിലെ സേവനങ്ങൾ, ക്യാമ്പ് ഏകോപനം, വിദ്യാഭ്യാസം, സുരക്ഷയൊരുക്കാൻ, അടിയന്തര സഹായം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായങ്ങളാണ് കെ.എസ്. റിലീഫിന്റെ ആഭിമുഖ്യത്തിൽ സൗദി വിവിധ രാജ്യങ്ങളിൽ ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.