ജിദ്ദ: 2030 ആവുന്നതോടെ സൗദിയിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ 1,75,000 പേർ അധികം ആവശ്യമായി വരുമെന്ന് റിപ്പോർട്ട്. ഇതിൽ 69,000 ഡോക്ടർമാരും 64,000 നഴ്സുമാരും ആരോഗ്യ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും, സാങ്കേതിക പ്രശ്നങ്ങൾ, ഡയഗ്നോസ്റ്റിക്സ്, പുനരധിവാസം, മറ്റു പരിചരണ മേഖലകൾ എന്നിവക്കായുള്ള വിവിധ ഹെൽത്ത് കെയർ സ്റ്റാഫ് 42,000 പേരും ഉൾപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ ഹെൽത്ത് കെയർ ലാൻഡ്സ്കേപ്പിനെക്കുറിച്ച് കോളിയേഴ്സ് ഇന്റർനാഷനൽ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ഡിമാൻഡ് ഇതിലും ഉയർന്നതായിരിക്കുമെന്നും ആരോഗ്യമേഖലയിലെ സൗദിവൽകരണ യജ്ഞത്തിന്റെ ഭാഗമായി ഈ ജോലികളിൽ ഭൂരിഭാഗവും സൗദി പൗരന്മാരായിരിക്കണമെന്നും നിലവിൽ ഏകദേശം 2,32,000 മെഡിക്കൽ സ്റ്റാഫുകൾ വിദേശികളാണെന്നും കോളിയേഴ്സ് ഇന്റർനാഷനൽ ഹെൽത്ത് കെയർ ആൻഡ് എജുക്കേഷൻ ഡയറക്ടർ മൻസൂർ അഹമ്മദ് അഭിപ്രായപ്പെട്ടു.പരിചരണത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണത്തിലേക്ക് മേഖല ത്വരിതപ്പെടുത്തുമ്പോൾ, മെഡിക്കൽ പ്രഫഷനലുകളുടെ ഡിമാൻഡ് ക്രമാതീതമായി വർധിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യ സംവിധാനങ്ങളുടെ പശ്ചാത്തലം, വിട്ടുമാറാത്ത രോഗങ്ങളുടെ വർധിച്ചുവരുന്ന ഭാരം, പ്രായമായവരുടെ ഉയർന്ന ജനസംഖ്യ, വർധിച്ചുവരുന്ന രോഗികളുടെ പ്രതീക്ഷകൾ, ചികിത്സാ നവീകരണത്തിലും സാങ്കേതികതയിലും ദ്രുതഗതിയിലുള്ള പുരോഗതി എന്നിവയെല്ലാം ആരോഗ്യ സേവനങ്ങൾ വിതരണം ചെയ്യുന്ന രീതിയെ ബാധിക്കുന്നുണ്ട്. ജനസംഖ്യയുടെ നിലവിലുള്ളതും ഉയർന്നുവരുന്നതുമായ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മാനുഷിക വൈദഗ്ധ്യത്തിൽ ഏറെ മുന്നോട്ടു പോവേണ്ടതുണ്ട്.
രാജ്യത്തെ ജനസംഖ്യാ വർധനയും പുതിയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളുടെ ആവശ്യകതയും കാരണം 26,000 മുതൽ 43,000 വരെ ബെഡുകൾ കൂടി രാജ്യത്ത് 2023 അവസാനത്തോടെ ആവശ്യമായി വരും. ആരോഗ്യമേഖലയിലെ ജോലികളിൽ ഭൂരിഭാഗവും സൗദി പൗരന്മാർ നികത്തേണ്ടതിന്റെ ഭാഗമായി ഡിമാൻഡ് കൂടുതലായിരിക്കും. നിലവിൽ ദന്തവിഭാഗം ഉൾപ്പെടെ 60 ശതമാനം ഡോക്ടർമാരും 57 ശതമാനം നഴ്സുമാരും, 19 ശതമാനം അനുബന്ധ ആരോഗ്യ പ്രഫഷനലുകളും, 61 ശതമാനം ഫാർമസിസ്റ്റുകളും അടക്കം മൊത്തം 2,32,000 മെഡിക്കൽ പ്രഫഷനലുകൾ വിദേശികളാണ്.
രാജ്യം പുതിയ മെഡിക്കൽ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ തുടങ്ങുമ്പോൾ, പരമ്പരാഗത കോഴ്സുകളിൽ നിന്ന് നൂതന മെഡിക്കൽ വിദ്യാഭ്യാസത്തിലേക്ക് ആവശ്യക്കാർ മാറിക്കൊണ്ടിരിക്കേണ്ടിവരും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ്, റോബോട്ടിക് മെഡിക്കൽ സയൻസസ്, ജീനോം സീക്വൻസുകൾ, ഡോക്ടർമാരുടെയും രജിസ്റ്റർ ചെയ്ത നഴ്സുമാരുടെയും അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും വൈദഗ്ധ്യം വർധിപ്പിക്കുന്നതിനുള്ള ഷോർട്ട് കോഴ്സുകൾ ഇതിനെല്ലാം അധിക സൗകര്യങ്ങൾ ആവശ്യമായി വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.