റിയാദിൽ നടക്കുന്ന ആറാമത് ത്രിദിന ഭാവി നിക്ഷേപക ഉച്ചകോടിയിൽ സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ സംസാരിക്കുന്നു

സൗദി ഏറ്റവും വിശ്വസ്തതയുള്ള എണ്ണ വിതരണ രാജ്യം -ഊർജ മന്ത്രി

റിയാദ്: സൗദി അറേബ്യ ഏറ്റവും വിശ്വസ്തതയുള്ള എണ്ണ വിതരണ രാജ്യമാണെന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. പരിവർത്തിത പദ്ധതിയായ 'വിഷൻ 2030' സൗദി പൗരമാരുടെ മൊത്തത്തിലുള്ള കാഴ്ചപ്പാടായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സൗദി ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച റിയാദിൽ ആരംഭിച്ച ആറാമത് ത്രിദിന ഭാവി നിക്ഷേപക ഉച്ചകോടിയിലെ പ്ലീനറി സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു ഊർജ മന്ത്രി.

യൂറോപ്പിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതി ഇരട്ടിയായി വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രതിദിനം 4,90,000 എന്നത് ഇക്കൊല്ലം 9,50,000 ബാരലാണ്. അധികശേഷിയിൽ കുറവ് വരുമെന്ന ആശങ്കയിൽ വൻ തോതിൽ കരുതൽ ഇന്ധനം സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ്‌ നൽകി. ഏറ്റവും മോശമായ ഊർജ പ്രതിസന്ധിയാണ് നിലവിൽ നേരിടുന്ന പ്രശ്‌നമെന്ന് അമീർ അബ്ദുൽ അസീസ് അഭിപ്രായപ്പെട്ടു. 'നിലവിലെ പ്രതിസന്ധിയെക്കുറിച്ച് പല യൂറോപ്യൻ രാജ്യങ്ങളുമായും ഞങ്ങൾ ആശയവിനിമയം നടത്തി വരികയാണ്. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ഒരു നിർണായക ഘട്ടത്തിനാണ് യൂറോപ്പ് സാക്ഷ്യം വഹിക്കുന്നത്' -അദ്ദേഹം കൂട്ടിച്ചേർത്തു.

വരും മാസങ്ങളിൽ സൗദിയിൽനിന്ന് ആവശ്യമുള്ള എല്ലാവർക്കും എണ്ണ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് വിശ്വസ്തതയുള്ള എണ്ണവിതരണ രാജ്യമായിരിക്കും സൗദി അറേബ്യ.

'എല്ലാവരും കടുത്ത സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഏറ്റവും മോശമായ അവസ്ഥയെ പ്രതിരോധിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും മോശമായ കാര്യങ്ങളെ നേരിടാൻ നമ്മൾ എപ്പോഴും മുൻകൂട്ടി തയ്യാറെടുക്കണം' -അദ്ദേഹം നിർദേശിച്ചു.

നവംബർ ആറ് മുതൽ 18 വരെ ഈജിപ്തിലെ ശറമു ശൈഖിൽ നടക്കാനിരിക്കുന്ന കാലാവസ്ഥാ സമ്മേളനത്തിൽ തങ്ങൾ ആവേശഭരിതരാണ്. ഇക്കാര്യത്തിൽ തങ്ങൾ നേടിയതെന്തെന്ന് മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റീവിലും സൗദി ഗ്രീൻ ഇനിഷ്യേറ്റീവിലും അവലോകനം നടത്തും. ഈജിപ്ത് സമ്മേളനങ്ങളനവുമായി ബന്ധപ്പെട്ട് ഊർജ മേഖലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.