റിയാദ്: ഈ വർഷത്തെ ഹജ്ജ് സേവനത്തിന് 4,000 ത്തോളം വളന്റിയർമാരെ രംഗത്തിറക്കാൻ സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ കീഴിലുള്ള ഹജ്ജ് സെൽ തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. വളന്റിയർമാരുടെ രജിസ്ട്രേഷൻ ഉദ്ഘാടനം കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ നിർവഹിച്ചു. ജിദ്ദ, മക്ക, മദീന ഉൾപ്പെടെ രാജ്യത്തുള്ള 36 സെൻട്രൽ കമ്മിറ്റികളിൽനിന്ന് വളന്റിയർമാരുടെ രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ പൂർത്തിയാക്കും. കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ മേൽനോട്ടത്തിൽ ജിദ്ദയിലും മദീനയിലും തീർഥാടകർ വിമാനമിറങ്ങുന്നത് മുതൽ അവസാന ഹാജിയും മടങ്ങുന്നത് വരെ പുണ്യ ഭൂമികളിൽ തീർഥാടകർക്ക് വഴികാട്ടികളായി വളന്റിയർമാർ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും ആവശ്യമായ സഹായങ്ങൾ നൽകി തീർഥാടകരുടെ കർമങ്ങൾക്ക് ആശ്വാസം പകരുകയെന്നതായിരിക്കും വളന്റിയർമാരുടെ ദൗത്യം. പ്രവിശ്യകളിൽനിന്നും രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഹജ്ജ് സെൽ ഉപസമിതിയുടെ യോഗത്തിൽ ചെയർമാൻ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം നിർവഹിച്ചു. അഷ്റഫ് വേങ്ങാട്ട്, അബൂബക്കർ അരിമ്പ്ര, ശരീഫ് കാസർകോട് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ കൺവീനർ മുജീബ് പൂക്കോട്ടൂർ സ്വാഗതവും വളന്റിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.