റിയാദ്: സൗദി കെ.എം.സി.സി സി. ഹാഷിം മെമ്മോറിയൽ നാഷനൽ സോക്കർ കലാശപ്പോരാട്ടം വെള്ളിയാഴ്ച വൈകീട്ട് 7.30ന് റിയാദ് നസ്റിയ മുറൂറിനടുത്ത റയൽ മഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജിദ്ദയിൽ നിന്നുള്ള ചാംസ് സബീൻ എഫ്.സിയും കിഴക്കൻ പ്രവിശ്യയിലെ ടീമായ ഫസഫിക് ലൊജിസ്റ്റിക് ബദർ എഫ്.സിയുമാണ് ഫൈനലിൽ മാറ്റുരക്കുക. സൗദിയിൽ ആദ്യമായാണ് ദേശീയ തലത്തിൽ ഇത്തരത്തിലൊരു മേള സംഘടിപ്പിക്കുന്നത്.
ഇരു ടീമുകളിലുമായി സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങൾ ബൂട്ട് കെട്ടും. കാണികൾക്ക് മത്സരസ്ഥലത്തേക്ക് എത്തിച്ചേരാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫൈനലിനോടുബന്ധിച്ച് കാണികൾക്കായി നറുക്കെടുപ്പിലൂടെ സോണാ ജ്വല്ലേഴ്സും ഗ്ലോബൽ ട്രാവൽസും സംയുക്തമായി നൽകുന്ന ഗോൾഡ് കോയിൻ അടക്കമുള്ള സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരത്തിൽ മുഖ്യാതിഥികളായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവർക്കൊപ്പം കെ.എം.സി.സി ദേശീയ നേതാക്കളും വിവിധ പ്രവിശ്യ ഭാരവാഹികളും പങ്കെടുക്കും.
സൗദി കെ.എം.സി.സി ഏർപ്പെടുത്തിയ ഈ വർഷത്തെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ബിസിനസ് അവാർഡ് വിജയ് വർഗീസ് മൂലനും കായിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള എൻജി. ഹാഷിം മെമ്മോറിയൽ അവാർഡ് കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബൾ സംഘാടകനും ദമ്മാം ഇന്ത്യൻ ഫുട്ബൾ അസോസിയേഷൻ പ്രസിഡന്റുമായ സമീർ കൊടിയത്തൂരിനും സമ്മാനിക്കും. വിജയ് വർഗീസ് മൂലൻ വ്യവസായി എന്നതിനൊപ്പം കലാകായിക രംഗങ്ങളിൽ കേരളത്തിൽ സജീവ സാന്നിധ്യവുമാണ്. പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ ജയ് മസാലയുടെ മേധാവിയാണ്.
ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ പ്രസിഡന്റാണ് സമീർ കൊടിയത്തൂർ. 20 വർഷത്തിലേറെയായി കിഴക്കൻ പ്രവിശ്യയിൽ പ്രവാസി ഫുട്ബാൾ സംഘാടന രംഗത്ത് വളരെ സജീവമാണ്. 2000ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച മലബാർ ക്ലബ് പിന്നീട് ബദർ എഫ്.സി ക്ലബ്ബായി രൂപാന്തരപ്പെടുകയും കിഴക്കൻ പ്രവിശ്യയിൽ നടക്കുന്ന ടൂർണമെന്റുകളിൽ മുൻനിര ടീമായി ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തന്റെ വ്യവസായ സ്ഥാപനത്തിൽ 30ഓളം ഫുട്ബാൾ കളിക്കാർക്ക് ജോലിയും അവർക്ക് കളിക്കാനുള്ള അവസരവും ഒരുക്കി പ്രവാസി ഫുട്ബാളിനെ പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പരിഗണിച്ചാണ് അവാർഡ് എന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
ടൂർണമെന്റിന്റെ സമാപന പരിപാടികൾക്ക് കൊഴുപ്പേകാൻ മാർച്ച്പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോൽക്കളി, നാസിക് ഡോൾ, ശിങ്കാരി മേളം, പുലിക്കളി എന്നിവയും ഒരുക്കിയിട്ടുണ്ട്. റിയാദ് കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും ഇതേ ദിവസം ഇതേ ഗ്രൗണ്ടിൽ നടക്കുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫൈനൽ മത്സരം റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ സഹകരണത്തോടെ സൗദി അമ്പയർമാർ നിയന്ത്രിക്കും. വാർത്തസമ്മേളനത്തിൽ കെ.എം.സി.സി ഭാരവാഹികളായ സി.പി. മുസ്തഫ, ഉസ്മാനലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, മുജീബ് ഉപ്പട, മൊയ്തീൻകുട്ടി കോട്ടക്കൽ, അഷ്റഫ് കൽപകഞ്ചേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.