ജിദ്ദ: വിദഗ്ധ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ നിർബന്ധിത തൊഴിൽ പരീക്ഷ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിച്ചു. 500 മുതൽ 2,999 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന വലിയ സ്ഥാപനങ്ങളിലാണ് സെപ്റ്റംബർ ഒന്ന് ബുധനാഴ്ച മുതൽ രണ്ടാംഘട്ട പരീക്ഷ ആരംഭിച്ചിരിക്കുന്നത്. വിദഗ്ധരായ തൊഴിലാളികൾക്ക് ആവശ്യമായ കഴിവുകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ അടുത്തിടെയാണ് മാനവവിഭവശേഷി മന്ത്രാലയം ഘട്ടങ്ങളായി തൊഴിൽ പരീക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നേരത്തെ നിശ്ചയിച്ച തൊഴിലുകൾക്ക് പുറമെ വെൽഡിങ്, ആശാരിപ്പണി, കാർ മെക്കാനിക്, കാർ ഇലക്ട്രിക്സ്, പെയിന്റിങ്, എയർകണ്ടീഷൻ മെക്കാനിക്ക് എന്നീ ആറ് പുതിയ വിദഗ്ധ തൊഴിലുകൾ കൂടി പദ്ധതിയിൽ ചേർത്തിട്ടുണ്ട്.
സൗദി തൊഴിൽ വിപണിയിലെ ജോലിയുടെ ഗുണനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച നിർബന്ധിത തൊഴിൽ പരീക്ഷ പദ്ധതി നടപ്പിലാക്കുന്നത് തുടരുകയാണെന്ന് തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയരക്ടർ എൻജിനീയർ സഅദ് അൽഉഖൈൽ പറഞ്ഞു. ഇതുവരെ 205 വിദഗ്ധ തൊഴിലുകളിൽ പരീക്ഷ ആരംഭിച്ചിട്ടുണ്ട്. 23 സ്പെഷ്യലൈസേഷനുകളിൽ വരുന്ന 1099 വിദഗ്ധ ജോലികളാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ എല്ലാ സ്ഥാപനങ്ങൾക്കും നിർബന്ധിത പരീക്ഷ പദ്ധതി ക്രമേണ നടപ്പിലാക്കും.
മൂവായിരമോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന ഭീമൻ സ്ഥാപനങ്ങൾക്ക് ആദ്യഘട്ടം കഴിഞ്ഞ ജൂലൈയിലാണ് ആരംഭിച്ചത്. ആറ് പുതിയ ജോലികളിൽ കൂടി നിർബന്ധിത പരീക്ഷ ഏർപ്പെടുത്തി രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്നിന് ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. അവസാന ഘട്ടം 2022 ജനുവരി തുടക്കത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിലെ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരിശോധിക്കുക എന്നതാണ്. രണ്ടാമത്തേത് നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പരിശോധിക്കുക എന്നതാണെന്നും തൊഴിൽ പരീക്ഷ പ്രോഗ്രാം ഡയരക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.